കേരളത്തിനു സഹായം നൽകുന്ന ചടങ്ങിൽ അംബാസഡർമാർക്കു വിലക്ക്; പ്രതിഷേധവുമായി തരൂർ

ന്യൂഡൽഹി ∙ കേരളത്തിന് സഹായം നല്‍കുന്ന ചടങ്ങില്‍ വിദേശ അംബാസഡര്‍മാര്‍ക്കു വിലക്ക്. വിദേശ കമ്പനികള്‍ സഹായം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കരുതെന്നു കേന്ദ്രസര്‍ക്കാർ തായ്‌ലന്‍ഡ് അംബാസഡറോട് അനൗദ്യോഗികമായി ആവശ്യപ്പെട്ടെന്നാണ്  ആരോപണം. തായ്‍ലന്‍ഡ് അംബാസഡറുടെ പേരിലുള്ള ട്വീറ്റ് ഏറ്റെടുത്ത് ശശിതരൂര്‍ എംപിയും രംഗത്തെത്തി.

ആവശ്യക്കാരായ നിസഹായരായ ഒരു ജനതയ്ക്ക് ആരെങ്കിലും സഹായം ചെയ്യാൻ തയാറാകുമ്പോൾ അതിൽ നിന്നും പിൻതിരിയണമെന്നു പറയുന്നതിനോടു യോജിക്കാനാകില്ല. ജനങ്ങളുടെ ആവശ്യങ്ങളേക്കാൾ കേന്ദ്രത്തിനു വലുത് ദുരഭിമാനവും ധാർഷ്ട്യവുമാണ്. കത്രീന ചുഴലിക്കാറ്റിലെ ദുരിതസമയത്ത് ഇന്ത്യയുടെ സഹായം സ്വീകരിക്കാൻ യുഎസ് തയാറായി, എന്നിട്ടും ഇന്ത്യ ഇങ്ങോട്ടുള്ള സഹായങ്ങളെ നിരസിക്കുകയാണ്- രൂക്ഷഭാഷയിൽ ശശി തരൂർ പ്രതികരിച്ചു.