ഫ്ലോറൻസ് ചുഴലിക്കാറ്റിൽ അഞ്ചു മരണം; ജാഗ്രത തുടരുന്നു

യുഎസിലെ നോർത്ത് കാരലൈന സംസ്ഥാനത്ത് പ്രളയം നിറഞ്ഞ സ്ഥലത്തുകൂടി അഭയകേന്ദ്രത്തിലേക്കു പോകുന്നവർ.

വിൽമിങ്ടൻ (യുഎസ്) ∙ യുഎസിന്റെ കിഴക്കൻ തീരമേഖലയിൽ ആഞ്ഞടിച്ച ഫ്ലോറൻസ് ചുഴലിക്കാറ്റിലും മഴയിലും ഒരു അമ്മയും കുഞ്ഞും ഉൾപ്പെടെ അ‍ഞ്ചു മരണം സ്ഥിരീകരിച്ചു. വിൽമിങ്ടനിൽ വീട്ടിനു മേൽ മരം വീണാണ് അമ്മയും കുഞ്ഞും മരിച്ചതെന്ന് വിൽമിങ്ടൻ സിറ്റി പൊലീസ് വക്താവ് അറിയിച്ചു.

വീടുകളിൽ കുടുങ്ങിപ്പോയ നൂറുകണക്കിനു പേരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. നോർത്ത് കാരലൈനയിൽ ഏകദേശം 7,73,903 വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

നോർത്ത് കാരലൈന സംസ്ഥാനത്ത് പ്രളയബാധിത മേഖലയിലൂടെ കടന്നുപോകുന്ന ട്രക്ക്.

കാറ്റഗറി ഒന്ന് വിഭാഗത്തിലെ ചുഴലിക്കാറ്റായി തരം താഴ്ത്തിയതിനു പിന്നാലെ ഉഷ്ണമേഖലാ കൊടുങ്കാറ്റെന്ന ഗണത്തിലാണ് വെള്ളിയാഴ്ച മുതൽ ഫ്ലോറൻസ് ചുഴലിക്കാറ്റിനെ പരിഗണിക്കുന്നത്. പ്രാദേശിക സമയം രാത്രി വൈകി ഇത് സൗത്ത് കാരലൈനയിലേക്കു കടന്നു.

കാറ്റിന്റെ ശക്തി താരതമ്യേന കുറഞ്ഞെങ്കിലും ഭീഷണി ഒഴിവായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറിൽ 150 കിലോമീറ്ററാണു കാറ്റിന്റെ വേഗം. കനത്ത മഴയെ തുടർന്നു ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടെ മിന്നൽപ്രളയത്തിൽ മുങ്ങി. ചിലയിടങ്ങളിൽ 100 സെന്റിമീറ്റർ വരെ മഴ രേഖപ്പെടുത്തി.