ലൈംഗിക പീഡനം, രക്തസ്രാവത്താൽ മരണം: വെളിപ്പെടുത്തലുമായി കുട്ടികൾ

Representational image

ഭോപ്പാൽ∙ സ്വകാര്യ അഭയകേന്ദ്രത്തിന്‍റെ ഉടമ വർഷങ്ങളായി ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്നും കടുത്ത പീഡനത്തെ തുടർന്ന് മൂന്നു പേർ കൊല്ലപ്പെട്ടതായും അന്തേവാസികൾ. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിന്‍റെ ഉടമയും മുൻ സൈനിക ഉദ്യോഗസ്ഥനുമായ എഴുപതുകാരനെ അറസ്റ്റ് ചെയ്തെന്നു പൊലീസ് അറിയിച്ചു. 

സാമൂഹികക്ഷേമ വകുപ്പിനെയാണു മൂന്നു ആൺകുട്ടികളും രണ്ട് പെൺകുട്ടികളും അടങ്ങുന്ന അന്തേവാസികൾ പരാതിയുമായി സമീപിച്ചത്. തുടർന്ന് പൊലീസിലും പരാതി നൽകി. ലൈംഗികമായി ചൂഷണം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ അമിത രക്തസ്രാവത്തെ തുടർന്നാണ് അന്തേവാസിയായിരുന്ന ബാലൻ കൊല്ലപ്പെട്ടതെന്ന് ഇവർ കുറ്റപ്പെടുത്തി. തല പിടിച്ച് ചുമരിൽ അടിച്ചതിനെ തുടർന്നും രാത്രിയിൽ പുറത്തു നിർത്തിയതിനെ തുടർന്നു തണുപ്പു സഹിക്കാനാവാതെയുമാണു മറ്റു രണ്ടു മരണങ്ങൾ സംഭവിച്ചതെന്നും പരാതിയിൽ പറയുന്നു.

സാമൂഹികക്ഷേമ മന്ത്രാലയത്തിനു കീഴിൽ 1995 മുതൽ റജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന അഭയകേന്ദ്രത്തിൽ 42 ആൺകുട്ടികളും 58 പെൺകുട്ടികളുമാണ് 2003 മുതൽ താമസിക്കുന്നത്. മുഴുവൻ സമയ വാർഡൻ ഇല്ലാത്തതിനാൽ പത്തു വർഷമായി നാലു ടീച്ചര്‍മാരാണു കാര്യങ്ങൾ നോക്കിനടത്തിയിരുന്നത്.

കേള്‍വിക്കും സംസാരത്തിനും പരിമിതികളുള്ള ചില അന്തേവാസികൾ തങ്ങളെ സമീപിച്ചു പരിഭാഷകന്‍റെ സഹായത്തോടെ കാര്യങ്ങൾ അറിയിച്ചെന്നും അഭയകേന്ദ്രത്തിന്‍റെ ഉടമയുടെ ശാരീരികവും മാനസികവുമായ പീഡനത്തിനെതിരെ പരാതി എഴുതി നൽകിയെന്നും സാമൂഹികക്ഷേമ വകുപ്പ് ഡയറക്ടർ കൃഷ്ണമോഹൻ തിവാരി അറിയിച്ചു. അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്കും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും കത്തയക്കുമെന്നു ഡയറക്ടർ വ്യക്തമാക്കി.