നടപടിയെടുക്കാതെ കേന്ദ്രസർക്കാർ; രൂപയ്ക്കു പുറമെ ഓഹരിവിപണിയിലും ഇടിവ്

മുംബൈ∙ ഓഹരിവിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 448 പോയിന്റ് വരെ ഇടിഞ്ഞു. രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവുണ്ടാകുന്നതാണു വിപണിക്കു പ്രതികൂലമാകുന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 72 രൂപ 65 പൈസയിലെത്തി.

രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവ് തടയാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികളുണ്ടാകാത്തതാണു വിപണിയെ പ്രതികൂലമായി ബാധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ധനകാര്യ വിദഗ്ധരുടെയും ധനകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ കാര്യമായ തീരുമാനങ്ങളുണ്ടായിരുന്നില്ല. ഇന്ന് കറന്‍സി വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ രൂപയുടെ മൂല്യത്തില്‍ 81 പൈസവരെ കുറഞ്ഞു.

ഒരു ശതമാനത്തിലേറെ നഷ്ടമാണു രൂപയ്ക്കുണ്ടായത്. ഇതോടെ വിപണിയും കൂപ്പുകുത്തി. സെന്‍സെക്സ് മുന്നൂറോളം പോയിന്റ് താഴ്ന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ നിഫ്റ്റി 11,400 ലും താഴേക്കുപതിച്ചു. ഇരുപതിനായിരം കോടി ഡോളറിന്റെ ചൈനീസ് ഇറക്കുമതിക്ക് അമേരിക്ക വീണ്ടും നികുതിയേര്‍പ്പെടുത്തുമെന്ന വാര്‍ത്തകളും വിപണിക്കു പ്രതികൂലമാണ്. പുതിയ വ്യാപാര യുദ്ധഭീതിയില്‍ ഏഷ്യന്‍ വിപണികളും നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.