അമൃത അമ്മയെ വിളിച്ചു; വിവരം ചോർത്തിയ പിതാവ് കൊലയ്ക്കു കളമൊരുക്കി

അമൃതയും പ്രണയ്‌യും. ചിത്രം: ഫെയ്സ്ബുക്

ഹൈദരാബാദ്∙ പ്രണയിച്ചു വിവാഹം കഴിച്ചതിന് തെലങ്കാനയിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. ഗർഭിണിയായ‌ശേഷം അമൃതയും അമ്മയും തമ്മിൽ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നാണു വെളിപ്പെടുത്തൽ. വിവാഹത്തിനുശേഷം വീട്ടുകാരിൽ നിന്നകന്ന് കഴിഞ്ഞിരുന്ന അമൃത ഗർഭിണിയായ വിവരം അമ്മയെ അറിയിച്ചിരുന്നു. പിന്നീട് അമ്മയും അമൃതയും സംസാരിക്കുക പതിവായി. ആവശ്യത്തിന് വിശ്രമിക്കണമെന്നും ഭക്ഷണത്തിൽ ശ്രദ്ധിക്കണമെന്നും അമ്മ നിർദേശം നൽകി. അമൃതയുടെ വിവരങ്ങളെല്ലാം അമ്മ അച്ഛന്‍ മാരുതി റാവുവിനെ അറിയിക്കുന്നുണ്ടായിരുന്നു.

എന്നാൽ അമ്മയും അമൃതയും അറിയാതെ കൊലപാതകത്തിനുള്ള ആസൂത്രണം നടത്തുകയായിരുന്നു മാരുതി റാവുവെന്നാണു വിവരം. പ്രണയ്‌യെക്കുറിച്ച് കൂടുതൽ അറിയാൻ അമ്മയും അമൃതയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ ഉപയോഗിക്കുകയും ചെയ്തു. സെപ്റ്റംബർ പതിമൂന്നിന് അമ്മയെ വിളിച്ച അമൃത പ്രണയ്ക്കൊപ്പം ആശുപത്രിയിൽ ചെക്ക് അപ്പിനു പോകുന്ന വിവരവും അറിയിച്ചു. പതിവുപോലെ ഇവർ വിവരങ്ങൾ മാരുതി റാവുവിനെയും ധരിപ്പിക്കുകയായിരുന്നു.

കൊലപാതകം നടത്തേണ്ട സ്ഥലവും സമയവും മാരുതി റാവു ഇതോടെ ആസൂത്രണം ചെയ്തു. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ പട്ടാപ്പകൽ ഗർഭിണിയായ ഭാര്യയുടെ മുന്നിൽവെച്ച് പ്രണയ്‌യെ ക്രൂരമായി കൊലപ്പെടുത്തി. ഉയർന്ന ജാതിയിൽപ്പെട്ട അമൃതയെ പ്രണയ് വിവാഹം കഴിച്ചതിൽ വീട്ടുകാർക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ പിതാവ് ഫോണിൽ വിളിച്ച് വീട്ടിലേക്ക് തിരിച്ച് വരണമെന്നും ഗർഭം അലസിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇതിന് അമൃത തയാറായില്ല. പ്രണയ്‌യെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞ് ഒരു പ്രശ്നമാവാതിരിക്കാനാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ പിതാവ് മുൻകൂട്ടി ആവശ്യപ്പെട്ടതെന്ന് അമൃത പറയുന്നു. 

കേസിൽ അമൃതയുടെ പിതാവ് ടി.മാരുതി റാവു, കൊല നടത്തിയ ബിഹാർ സ്വദേശി സുഭാഷ് ശർമ, ആസൂത്രണത്തിൽ പങ്കെടുത്ത മുഹമ്മദ് അബ്ദുൽ ബാരി, അസ്ഗർ അലി, അബ്ദുൽ കരിം, മാരുതി റാവുവിന്റെ സഹോദരനും കോൺഗ്രസ് നേതാവുമായ ടി.ശ്രാവൺ, മാരുതി റാവുവിന്റെ ഡ്രൈവർ സമുദ്രാല ശിവ  എന്നീ ഏഴു പേർ പൊലീസ് കസ്റ്റഡിയിലാണ്. 

കൊല നടത്താൻ അസ്ഗർ അലിയും മുഹമ്മദ് അബ്ദുൽ ബാരിയും രണ്ടരക്കോടി രൂപയാണ് ചോദിച്ചതെങ്കിലും പിന്നീട് അത് ഒരു കോടിയാക്കി കുറയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുൻകൂറായി 50 ലക്ഷം ചോദിച്ചെങ്കിലും 15 ലക്ഷമാണ് നൽകിയത്. റാമോജി ഫിലിം സിറ്റിക്കു സമീപം എത്തിയ ബാരിക്കു കരീം വഴിയാണ് മുൻകൂർ തുക കൈമാറിയത്. ഇതിൽ നിന്ന് എട്ടു ലക്ഷം രൂപ എടുത്ത ശേഷം ആറു ലക്ഷം രൂപ അസ്ഗറിനു നൽകി. ജൂലൈ ഒൻപതിനും പത്തിനും നടന്ന ഈ ഇടപാടിലൂടെ കരീം മുൻകൂർ തുകയിൽ നിന്ന് ഒരു ലക്ഷം രൂപ നേടിയെന്നും പൊലീസ് പറയുന്നു.