പരീക്കര്‍ക്കു പകരക്കാരന്‍: ഗോവന്‍ മണ്ണില്‍ വിയര്‍ത്ത് ബിജെപി

മനോഹർ പരീക്കർ

ന്യൂഡല്‍ഹി∙ ഗോവയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്കു പകരക്കാരനെ കണ്ടെത്താനാവാതെ ബിജെപി. പരീക്കറെ ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്)  പ്രവേശിപ്പിച്ചു മൂന്നു ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സമവായത്തിലെത്താന്‍ ഗോവയിൽ ബിജെപി നേതൃത്വം നല്‍കുന്ന സഖ്യസര്‍ക്കാരിനാകുന്നില്ല. സഖ്യകക്ഷികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭിന്നതയും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉയരുന്ന സമ്മര്‍ദവുമാണ് ബിജെപിക്കു തലവേദനയാകുന്നത്. 

മികച്ച പൊതുജനസമ്മതിയുള്ള പരീക്കര്‍ക്കു പകരം വയ്ക്കാന്‍ തക്കപ്രഭാവമുള്ള മറ്റൊരു നേതാവിനെ സംസ്ഥാനത്ത് ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിനു കഴിയുന്നില്ലെന്നതാണ് വാസ്തവം. മോദി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്ന പരീക്കറെ മുഖ്യമന്ത്രിയാക്കി സംസ്ഥാനത്തേക്കു പാര്‍ട്ടിക്കു തിരിച്ചയയ്‌ക്കേണ്ടിവന്നതും ആ സാഹചര്യത്തിലായിരുന്നു. 

പ്രശ്‌നപരിഹാരത്തിനായി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണു നടക്കുന്നത്. പല മുതിര്‍ന്ന നേതാക്കളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനുള്ള തിരക്കിനിടെയാണ് ഗോവ മുഖ്യമന്ത്രിപദം അമിത് ഷായ്ക്കു കീറാമുട്ടിയായിരിക്കുന്നത്. 

40 അംഗ ഗോവ നിയമസഭയില്‍ ബിജെപിക്കു 14 എംഎല്‍എമാരേയുള്ളൂ. മൂന്നംഗങ്ങള്‍ വീതമുള്ള എംജിപി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി), മൂന്നു സ്വതന്ത്രര്‍, ഒരു എന്‍സിപി അംഗം എന്നിവരുടെ പിന്തുണയോടെയാണു ഭരണം. പരീക്കര്‍ ആശുപത്രിയില്‍ കഴിയുന്ന സ്ഥിതിക്കു പകരം ചുമതല മുതിര്‍ന്ന മന്ത്രിക്കു കൈമാറണമെന്ന ആവശ്യമാണ് ഭരണം പങ്കിടുന്ന മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി) മുന്നോട്ടുവയ്ക്കുന്നത്. പൊതുമരാമത്തു മന്ത്രിയായ എംജിപിയുടെ സുദിന്‍ ധവലിക്കര്‍ ആണ് ഏറ്റവും മുതിര്‍ന്ന മന്ത്രി. എന്നാല്‍ മറ്റു ഘടകകക്ഷികള്‍ ഈ ആവശ്യം തള്ളിക്കളഞ്ഞു. അതേസമയം സഖ്യകക്ഷികളായ എംജിപിയോടും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയോടും(ജിഎഫ്പി) തങ്ങളുടെ പാര്‍ട്ടിയില്‍ ലയിക്കാനാണ് ബിജെപി നേതൃത്വം ആവശ്യപ്പെടുന്നത്. 

ഇതിനിടെ, നിയമസഭയില്‍ ഭൂരിപക്ഷമുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചു കഴിഞ്ഞു. 21 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. ഭൂരിപക്ഷമില്ലാതിരുന്നിട്ടും വളഞ്ഞവഴിയിലൂടെ സര്‍ക്കാര്‍ രൂപീകരിച്ച ബിജെപിയാണ് ഗോവയിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്കു കാരണമെന്ന് ശിവസേന കുറ്റപ്പെടുത്തി. 

പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിനു ദീര്‍ഘനാളായി ചികില്‍സയിലാണു പരീക്കര്‍. ഇതിന്റെ തുടര്‍പരിശോധനയ്ക്കും ചികില്‍സയ്ക്കുമായാണ് അദ്ദേഹത്തെ ഇന്നലെ എയിംസില്‍ പ്രവേശിപ്പിച്ചത്. ഗോവയിലെ ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ സ്ഥിതി മോശമായതിനെ തുടര്‍ന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു ഡല്‍ഹിയിലേക്കു കൊണ്ടുവരികയായിരുന്നു. യുഎസില്‍ ചികിത്സയിലായിരുന്ന പരീക്കറെ മടങ്ങിയെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉത്തരഗോവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായതിനെത്തുടർന്നാണ് അദ്ദേഹത്തെ ന്യൂഡൽഹി എയിംസിലേക്കു മാറ്റിയത്.