വായ്പ തിരിച്ചുപിടിക്കാൻ മല്യയുടെ രണ്ടു കോപ്റ്ററുകൾ വിറ്റു; 8.75 കോടി രൂപയ്ക്ക്

വിജയ് മല്യ

ബെംഗളൂരു∙ വിവാദ വ്യവസായി വിജയ് മല്യയുടെ രണ്ടു സ്വകാര്യ ഹെലികോപ്റ്ററുകൾ ഡൽഹി ആസ്ഥാനമായുള്ള ചൗധരി ഏവിയേഷൻ എന്ന കമ്പനി സ്വന്തമാക്കി. പ്രത്യേക ട്രൈബ്യൂണൽ നടത്തിയ ഇ–ലേലത്തിലൂടെയാണ് 8.75 കോടി രൂപക്ക് ഹെലികോപ്റ്ററുകൾ വാങ്ങിയതെന്ന് കമ്പനി വക്താവ് അറിയിച്ചു. ഒരു ഹെലികോപ്ടറിന് 4.37 കോടി രൂപയാണ് മുടക്കിയത്. കിങ്ഫിഷർ എയർലൈൻസിനു നൽകിയ വായ്പ തിരിച്ചുപിടിക്കൂന്നതിന്‍റെ ഭാഗമായി 17 ബാങ്കുകളുടെ കൺസോർഷ്യത്തിന്‍റെ അഭ്യർഥന പ്രകാരമാണ് ഇ–ലേലം സംഘടിപ്പിച്ചത്. 

അഞ്ചു സീറ്റുകളുള്ള എയർബസ് യൂറോകോപ്റ്റർ ബി155 ഹെലികോപ്റ്ററുകൾ പത്തു വർഷത്തോളം പഴമക്കുള്ളവയാണെങ്കിലും ഇരട്ട എഞ്ചിനോടു കൂടിയ ഇവ പൂർണമായും പ്രവർത്തനസജ്ജമാണെന്നും ജുഹു വിമാനത്താവളത്തിലാണ് ഇപ്പോൾ ഇവയുള്ളതെന്നും ചൗധരി ഏവിയേഷൻ ഡയറക്ടർ പറഞ്ഞു. ചാര്‍ട്ടേഡ് സർവീസ് ഉൾപ്പെടെ വാണിജ്യ ആവശ്യങ്ങൾക്കാകും ഹെലികോപ്റ്ററുകൾ ഉപയോഗിക്കുക. 2008 മോഡൽ ഹെലികോപ്റ്ററുകൾ 2013ലാണ് അവസാനമായി ഉപയോഗിച്ചത്. ഒരു ഹെലികോപ്ടറിന് 1.75 കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ച് നടത്തിയ ലേലത്തിൽ മൂന്നു കമ്പനികളാണ് പങ്കെടുത്തത്.