അറസ്റ്റ് ആവശ്യപ്പെടാനാകില്ല: കോടിയേരിയെ പിന്തുണച്ച് കടകംപള്ളി

കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം ∙ സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോടിയേരിയുടെ നിലപാട് സമരത്തിന് എതിരല്ല. ബിഷപ്പിനെതിരായ പീഡനക്കേസ് രാഷ്ട്രീയവൽക്കരിക്കേണ്ടതില്ല. അറസ്റ്റ് പൊലീസ് തീരുമാനിക്കും. കന്യാസ്ത്രീകൾക്കെന്നല്ല ആർക്കും ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെടാനാകില്ലെന്നും കടകംപള്ളി പറഞ്ഞു.

സർക്കാർ കന്യാസ്ത്രീകൾക്കൊപ്പമാണെന്നു മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. പാര്‍ട്ടിയും സര്‍ക്കാരും ഇരക്കൊപ്പമാണെന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും പ്രതികരിച്ചു.

കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ സമരസമിതി അംഗങ്ങൾ രംഗത്തെത്തി. സമരങ്ങളുടെ ചരിത്രം സിപിഎം സഖാക്കള്‍ മറക്കരുതെന്നു ഫാ. അഗസ്റ്റിന്‍ വട്ടോളി ഓർമിപ്പിച്ചു. മാര്‍പാപ്പ വരെ തള്ളിപ്പറഞ്ഞയാളെയാണു പാര്‍ട്ടി സംരക്ഷിക്കുന്നത്. കന്യാസ്ത്രീകളുടെ സമരത്തിന്റെ ഉദ്ദേശ്യം ജനങ്ങള്‍ക്കറിയാം. പരാതി നല്‍കി 80 ദിവസം കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിനാലാണു കന്യാസ്ത്രീകള്‍ക്കു തെരുവിലിറങ്ങേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പിനെതിരായി കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവ സഭയെയും സർക്കാരിനെയും സിപിഎമ്മിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്നാണു കോടിയേരി പാർട്ടി പത്രത്തിലെഴുതിയ ലേഖനത്തിൽ ആരോപിച്ചത്. എല്ലാ വൈദികരും മോശക്കാരെന്നു വരുത്താന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നു. കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സത്യഗ്രഹത്തെ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ടവര്‍ പിന്തുണയ്ക്കുന്നുണ്ട്. ഈ സമരത്തെ സര്‍ക്കാർവിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാന്‍ ചില ശക്തികള്‍ കൊണ്ടുപിടിച്ചു ശ്രമിക്കുകയാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.