പൊലീസ് ഉദ്യോഗസ്ഥരുടെ കൊലപാതകം: ഇന്ത്യ–പാക്ക് കൂടിക്കാഴ്ച റദ്ദാക്കി

ഇമ്രാൻ ഖാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി∙ ഇന്ത്യ–പാക്ക് വിദേശകാര്യമന്ത്രിമാർ അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തുമെന്നു പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ കൂടിക്കാഴ്ച റദ്ദാക്കി. ജമ്മു കശ്മീരിൽ മൂന്നു പൊലീസുകാരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഇന്ത്യ തീരുമാനം മാറ്റിയത്. അധികാരമേറ്റു കുറച്ചുമാസങ്ങൾക്കകം ഇമ്രാൻ ഖാന്റെ ശരിയായ മുഖം പുറത്തുവന്നെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.

യുഎൻ ജനറല്‍ അസംബ്ലിക്കു മുന്നോടിയായി ന്യൂയോർക്കിൽ വച്ചാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെയും പാക്കിസ്ഥാൻ മന്ത്രി ഷാ മഹമൂദ് ഖുറേഷിയുടെയും കൂടിക്കാഴ്ച തീരുമാനിച്ചത്. പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അഭ്യർഥന പ്രകാരമാണു ചർച്ചകൾക്ക് ഇന്ത്യ സമ്മതം മൂളിയത്. എന്നാൽ ഇതിനെ അയൽക്കാർ തമ്മിലുള്ള ചർച്ചകളുടെ പുനരാരംഭമായി കാണാനാകില്ലെന്നും ചർച്ചകളും ഭീകരവാദവും ഒരുമിച്ചു പോകില്ലെന്നും ഇന്ത്യ നിലപാടെടുത്തു.

കശ്മീരിലെ ഷോപിയാനിലെ വീട്ടിൽ നിന്നു വലിച്ചിറക്കിയാണു മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഭീകരർ കൊലപ്പെടുത്തിയത്. മണിക്കൂറുകൾക്കുശേഷം വെടിയുണ്ടകൾ തുളച്ചുകയറിയ നിലയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടു ദിവസം മുൻപ് ജോലി രാജിവച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഹിസ്ബുൽ ഭീകരൻ ഒരു പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ചൊവ്വാഴ്ച രാജ്യാന്തര അതിര്‍ത്തിക്കു സമീപം ഒരു ബിഎസ്എഫ് ജവാനും കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണങ്ങൾ പതിവായ സാഹചര്യത്തിലാണ് 2015ല്‍ പാക്കിസ്ഥാനുമായുള്ള എല്ലാ ചർച്ചകളും ഇന്ത്യ നിർത്തിവച്ചത്. അന്ന് നടന്ന ഉറി സൈനിക ക്യാംപ് ആക്രമണത്തിൽ 19 ഇന്ത്യൻ സൈനികരാണ് മരിച്ചത്.