യോഗാ പരിശീലകരാകാൻ യോഗ്യത സിപിഎമ്മിന്റെ ‘പാർട്ടി ക്ലാസ്’

കണ്ണൂർ∙ തദ്ദേശ സ്ഥാപനങ്ങളിൽ യോഗാ പരിശീലകരെ നിയമിക്കുന്നതിനായി സർക്കാർ നിശ്ചയിച്ച മാനദണ്ഡം മറികടന്നു പാർട്ടിയുടെ യോഗാധ്യാപകർ. സിപിഎം നിയന്ത്രണത്തിലുള്ള യോഗാ അസോസിയേഷൻ ഓഫ് കേരള ഒറ്റത്തവണ മാത്രം നടത്തിയ ഡിപ്ലോമ കോഴ്സ് യോഗ്യതയായി അംഗീകരിച്ച നടപടിയാണു വിവാദമാകുന്നത്.

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടില്ലാത്ത കോഴ്സിന് ഒരു സർവകലാശാലയുടെയും അംഗീകാരമില്ലെന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ യോഗാ അസോസിയേഷൻ തന്നെ വ്യക്തമാക്കുന്നുണ്ട്.

2016ൽ ആണു സിപിഎം നിയന്ത്രണത്തിൽ ഇന്ത്യൻ മാർഷ്യൽ ആർട്സ് അക്കാദമി ആൻഡ് യോഗാ സ്റ്റഡി സെന്റർ ആരംഭിച്ചത്. പിന്നാലെ ഇതേ അക്കാദമിയുടെ നേതാക്കൾ സംസ്ഥാന ഭാരവാഹികളായി യോഗാ അസോസിയേഷൻ ഓഫ് കേരള രൂപീകരിച്ചു. തുടർന്നു സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ മൂന്നു ജില്ലകളിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇതു തദ്ദേശ സ്ഥാപനങ്ങളിലെ യോഗാ പരിശീലകരുടെ യോഗ്യതയായി അംഗീകരിച്ചു സർക്കാർ ഉത്തരവിറക്കി.

മാസം 12,000 രൂപ വേതനത്തിലാണു തദ്ദേശ സ്ഥാപനങ്ങളിൽ പരിശീലകരെ നിയമിക്കുന്നത്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിഎൻവൈഎസ് (ബാച്ചിലർ ഓഫ് നാച്ചുറോപ്പതി ആൻഡ് യോഗാ സയൻസ്) ബിരുദമോ യോഗാ അസോസിയേഷനും സ്പോർട്സ് കൗൺസിലും അംഗീകരിച്ച കോഴ്സോ ആണു യോഗ്യത.

കേരളത്തിലെ ഒരു സർവകലാശാലയിലും ബിഎൻവൈഎസ് കോഴ്സ് ഇല്ലാത്തതിനാൽ യോഗാ അസോസിയേഷന്റെ കോഴ്സ് പൂർത്തിയാക്കിയവരെ നിയമിക്കാനാണ് ഈ വിചിത്ര മാനദണ്ഡം നിശ്ചയിച്ചതെന്നാണ് ആക്ഷേപം.