കശ്മീരിൽ മൂന്നു പൊലീസുകാരെ ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചു; 6 പൊലീസുകാര്‍ രാജിവച്ചു

കശ്മീരിലെ ഇന്ത്യൻ സൈന്യം (ഫയൽ ചിത്രം)

ഷോപിയാൻ∙ ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ മൂന്നു പൊലീസുകാരെ ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. സേനയിൽനിന്നു രാജിവച്ചില്ലെങ്കിൽ വധിക്കുമെന്നു ഭീകരർ ഇവർക്കു നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. തട്ടിക്കൊണ്ടു പോയ മറ്റൊരു പൊലീസുകാരനെ ഗ്രാമീണരുടെ സഹായത്തോടെ മോചിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ആറു പൊലീസുകാര്‍ ജോലി രാജിവച്ചു. ഇതില്‍ നാലു പേര്‍ രാജിക്കാര്യം സ്ഥിരീകരിച്ച് വിഡിയൊ പോസ്റ്റ് ചെയ്തു.

ഗ്രാമീണർക്കിടയിലുള്ള സ്വാധീനം കുറഞ്ഞതോടെയാണ്, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തഘട്ടത്തിൽ പൊലീസുകാരെ തട്ടിക്കൊണ്ടുപോകലിലേക്കു ഭീകരർ തിരിഞ്ഞിട്ടുള്ളതെന്നാണു വിലയിരുത്തൽ. കർപ്രാൻ ഗ്രാമത്തിലെ പൊലീസുകാരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഭീകരർ ഇവരെ വലിച്ചിഴച്ചു പുറത്തുകൊണ്ടു പോവുകയായിരുന്നു. ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണിത്.