ഓൺലൈൻ ലക്ഷ്വറി കാർ തട്ടിപ്പ്; പ്രതി പൊലീസ് പിടിയിൽ

സജ.എ.വിൻസ്

കൊച്ചി∙ ഓൺലൈൻ വ്യാപാര സൈറ്റ് വഴി കാർ നൽകാമെന്നു പറഞ്ഞ് 30,000 രൂപ തട്ടിയെടുത്ത കേസിൽ നെയ്യാറ്റിൻകര സ്വദേശി സജ.എ.വിൻസിനെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. സൈറ്റിൽ കാറിന്റെ ചിത്രം ഇടുകയും മുൻകൂറായി കുറച്ചു പണം കൈപ്പറ്റുകയും ചെയ്ത ശേഷം ഒഴിഞ്ഞുമാറുകയാണ് ഇയാളുടെ രീതി. സൈറ്റിലിട്ട കാർ വിറ്റുപോയെന്നു പറഞ്ഞ്, മറ്റു ചില കാറുകൾ കാണിക്കും. പണം തിരിച്ചു ചോദിക്കുന്നവർക്കു ചെക്ക് നൽകുകയും അതേസമയം, തുക നൽകരുതെന്നു ബാങ്കിൽ വിളിച്ചു പറയുകയും ചെയ്യുന്നതാണ് പതിവ്.

ഇൻസ്പെക്ടർ കെ.അനന്തലാൽ, എസ്ഐമാരായ ജോസഫ് സാജൻ, മൈക്കിൾ ഫ്രാൻസിസ്, എഎസ്ഐ അരുൾ, സീനിയർ സിപിഒ ജാക്സൺ, സിപിഒ അനീഷ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. കാർ വിൽപനയ്ക്കു വച്ചശേഷം പണം മുൻകൂർ വാങ്ങി നടത്തുന്ന തട്ടിപ്പിനെക്കുറിച്ച് കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു.