ഫ്രഞ്ച് കപ്പൽ അഭിലാഷിന്റെ അടുത്തേക്ക്; തിങ്കളാഴ്ച ഉച്ചയോടെ രക്ഷിക്കാനാകും

അഭിലാഷ് ടോമി (ഫയൽ ചിത്രം)

ന്യൂ‍ഡൽഹി∙ പായ്‌വഞ്ചിയിൽ ലോകം ചുറ്റി യാത്രയ്ക്കിടെ പരുക്കേറ്റ കമാൻഡർ അഭിലാഷ് ടോമിയെ അടുത്ത തിങ്കളാഴ്ച ഉച്ചയോടെ രക്ഷപ്പെടുത്താനായേക്കുമെന്നു സൂചന. ഫ്രാൻസിന്റെ മൽസ്യബന്ധന പട്രോളിങ് കപ്പലായ ഓസിരിസാണ് അഭിലാഷിന്റെ അടുത്തേക്ക് എത്താറായത്. ഓസ്ട്രേലിയൻ കപ്പലായ എച്ച്എംഎഎസ് ബല്ലാറാത്ത് തൊട്ടുപിന്നാലെ എത്തും. ഐഎൻഎസ് സത്പുരയ്ക്കു വെള്ളിയാഴ്ചയോടെ മാത്രമെ അപകടസ്ഥലത്ത് എത്താനാകൂവെന്നും ഇന്ത്യൻ നാവികസേന അറിയിച്ചു. 

Read more at: നക്ഷത്രങ്ങളെ നോക്കി സാഹസിക യാത്ര; അഭിലാഷ് നിസ്സാരക്കാരനല്ല, ഈ യാത്രയും

വിമാനത്തിൽനിന്നെടുത്ത പായ്‌വഞ്ചിയുടെ ചിത്രങ്ങൾ വാർത്താ ഏജൻസി പുറത്തുവിട്ടു. ഐഎൻഎസ് സത്പുര, ഐഎൻഎസ് ജ്യോതി, എച്ച്എംഎഎസ് ബല്ലാറാത്ത് എന്നീ കപ്പലുകളാണ് അഭിലാഷിനെ രക്ഷിക്കാനായി പുറപ്പെട്ടിട്ടുള്ളത്. എന്നാൽ സമീപത്തുള്ള ഓസിരിസാണ് ആദ്യമെത്തുക. ജൂലൈ ഒന്നിന് ഫ്രാൻസിലെ ‘ലെ സാബ്‌ലെ ദെലോൻ’ തുറമുഖത്തുനിന്ന് ആരംഭിച്ച മത്സരത്തിന്റെ 83–ാം ദിവസം, ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കൊടുങ്കാറ്റിലും കനത്ത തിരമാലകളിലുംപെട്ട് പായ്‌വഞ്ചി ‘തുരീയ’ തകർന്നാണ് അഭിലാഷ് ടോമിക്കു പരുക്കേറ്റത്. ഇതിനകം 19,446 കിലോമീറ്റർ താണ്ടിയ അഭിലാഷ് ടോമി മത്സരത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു.

110 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച കാറ്റിൽ 10 മീറ്ററോളം ഉയർന്ന തിരമാലകൾക്കിടയിൽപെട്ടു വഞ്ചിയുടെ മൂന്നു പായ്മരങ്ങളിലൊന്നു തകരുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബോട്ടിനകത്തുവീണു നടുവിനു പരുക്കേറ്റ അഭിലാഷ്, സഹായം അഭ്യർഥിച്ച് അപായസന്ദേശം നൽകി. നടുവിന്റെ പരുക്കുമൂലം അനങ്ങാൻ സാധിക്കുന്നില്ലെന്നും സ്ട്രെച്ചർ വേണമെന്നുമായിരുന്നു സന്ദേശം. ഓസ്ട്രേലിയൻ തീരമായ പെർത്തിൽനിന്ന് 3704 കിലോമീറ്റർ അകലെയാണു വഞ്ചിയുള്ളത്. ഇന്ത്യൻ തീരമായ കന്യാകുമാരിയിൽനിന്ന് 5020 കിലോമീറ്റർ അകലെയാണിത്.