'ഇനിയും കടലിൽ പോകും, ഒറ്റയ്ക്ക്'; സമുദ്ര സഞ്ചാര അനുഭവങ്ങൾ പങ്കുവച്ച് അഭിലാഷ് ടോമി

Abilash-Tomi
SHARE

ലോകം ചുറ്റിയുള്ള ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചി പ്രയാണത്തിനിടെയുണ്ടായ അപകടത്തിൽനിന്നു ജീവിതത്തിലേക്കു തിരികെയെത്തിയ മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമി ഇന്നലെ സേനാ യൂണിഫോം വീണ്ടും അണിഞ്ഞു. പിന്നെ പറഞ്ഞു ജീവിതം മാറ്റിമറിച്ച യാത്രയിലെ നുറുങ്ങുകഥകൾ.  

താങ്കൾക്ക് അസൂയയാണ്!

സമുദ്ര സഞ്ചാരത്തിനുള്ള പായ്‌വഞ്ചി ‘തുരീയ’യുടെ നിർമാണം ഗോവയിൽ പൂർത്തിയാക്കിയ ശേഷം അതുമായി ഞാൻ യുകെയിലെ ഫാൽമോത്തിലെത്തി. 1968ൽ, ചരിത്രത്തിലാദ്യമായി ഗോൾഡൻ ഗ്ലോബ് റേസിൽ വിജയിച്ച സർ റോബിൻ നോക്സ് ജോൺസ്റ്റൺ അവിടെയുണ്ടായിരുന്നു. ഞാൻ ഏറ്റവുമധികം ആരാധിക്കുന്നവരിലൊരാൾ. 312 ദിവസം കൊണ്ടാണ് അദ്ദേഹം ലോകം കീഴടക്കിയത്. അതു മനസ്സിൽ വച്ച് അദ്ദേഹം കുസൃതിച്ചോദ്യമെറിഞ്ഞു – അഭിലാഷ്, എത്ര ദിവസം കൊണ്ട് താങ്കൾ ഈ റേസ് പൂർത്തിയാക്കും?.ഞാൻ മറുപടി നൽകി: 311. ഊറിച്ചിരിച്ച് അദ്ദേഹം പറഞ്ഞു: താങ്കൾ ചെറുപ്പമാണ്; അതിമോഹിയും! ഞാൻ മറുപടി നൽകി: താങ്കൾ വയസ്സനാണ്; അസൂയാലുവും. അതോടെ ഞങ്ങൾക്കിടയിൽ ചിരിപൊട്ടി.

പാക്കിസ്ഥാനെന്താ ഇവിടെ കാര്യം?

പായ്‌വഞ്ചിയോട്ടം ആരംഭിക്കുന്നതിനു മുൻപ് ഞങ്ങൾ 14 മൽസരാർഥികൾ ഫോട്ടോക്കു പോസ് ചെയ്തു. ഞങ്ങൾ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെ പതാകയും അവിടെയുയർത്തി. അക്കൂട്ടത്തിൽ അതാ പാക്കിസ്ഥാന്റെ പതാക! മൽസരാർഥികളിൽ പക്ഷേ, പാക്കിസ്ഥാൻകാർ ആരും ഇല്ല. അതെങ്ങനെ സംഭവിച്ചുവെന്ന്  ആലോചിച്ചു. പിന്നീടാണു കാര്യം പിടികിട്ടിയത്. പതാക തയാറാക്കാനുള്ള കരാർ ലഭിച്ചതു ചൈനീസ് കമ്പനിക്കാണ്. പലസ്തീനിൽ നിന്നുള്ള മൽസരാർഥിക്കു വേണ്ടി ആ രാജ്യത്തിന്റെ പതാക നിർമിച്ച ചൈനക്കാർ പലസ്തീനെ പാക്കിസ്ഥാനാക്കിയതാണ്! പതാകയിലെ പിഴവ് ഞാൻ സംഘാടകരോടു പറഞ്ഞു. അവർ ഗൗനിച്ചില്ല. ഞാൻ അതിനടുത്തേക്കു നടന്നു. പാക്കിസ്ഥാൻ പതാക ആദരപൂർവം താഴ്ത്തി; അതു മടക്കി സംഘാടകരെ ഏൽപിച്ചു. 

അയർലൻഡ് പതാക; ഇന്ത്യയുടെയും

റേസ് ആരംഭിച്ചപ്പോൾ പിന്തുണയ്ക്കാൻ അവരവരുടെ നാട്ടുകാർ പതാകയുമായി എത്തിയിരുന്നു. ഇന്ത്യയിൽ നിന്നാരുമില്ലായിരുന്നു. അക്കൂട്ടത്തിലുണ്ടായിരുന്ന അയർലൻഡുകാർ എന്റെ പേര് ഉറക്കെ വിളിച്ചു. എന്നിട്ട് അവരുടെ പതാക ചെരിച്ചു പിടിച്ചു കാണിച്ചു; ഇന്ത്യയുടെ ത്രിവർണം അതിൽ വിരിഞ്ഞു.‘ഞങ്ങൾ നിങ്ങളുടെയും ആരാധകരാണ് അഭിലാഷ്’ എന്നവർ വിളിച്ചുകൂവി. 

കേരളത്തിലെവിടെയാ  ചേട്ടാ?

സഞ്ചാരത്തിടെ ബിഡബ്ല്യു ലൈലാക്ക് എന്ന കപ്പലിനെ ഞാൻ കണ്ടുമുട്ടി. അതിലെ ജീവനക്കാരിലൊരാൾ മലയാളിയാണ്. സമുദ്ര സഞ്ചാരത്തിനിറങ്ങിയതാണെന്ന് അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു; ഞങ്ങളുടെ നാട്ടിൽ നിന്ന് ഇത്തരം യാത്രകൾക്കു പോകുന്നൊരാളുണ്ട്, ഒറ്റയ്ക്കു ലോകം ചുറ്റിയ ആളാണ്. അത് ഞാൻ തന്നെയാണ് എന്നു പറഞ്ഞപ്പോൾ അദ്ദേഹം വാ പൊളിച്ചു. ഞാൻ മലയാളത്തിൽ ഉറക്കെ വിളിച്ചു ചോദിച്ചു: കേരളത്തിലെവിടെയാ ചേട്ടാ ? സുഖമാണോ ? നടുക്കടലിൽ മലയാളം അലയടിച്ചു. 

ഉർമിമാലയ്ക്കു സ്നേഹപൂർവം

മറ്റൊരു കപ്പലിന്റെ ക്യാപ്റ്റൻ ഇന്ത്യക്കാരനായിരുന്നു. ഞാൻ  ചോദിച്ചു – എന്റെ ഭാര്യ ഉർമിമാലയ്ക്കൊരു വാട്സാപ് സന്ദേശം അയയ്ക്കാമോ? ക്യാപ്റ്റൻ തലയാട്ടി. എന്റെ പേരിൽ അദ്ദേഹം ഇംഗ്ലിഷിൽ സന്ദേശമയച്ചു. തൊട്ടടുത്ത നിമിഷം മറുപടിയെത്തി. സന്ദേശങ്ങളുടെ എണ്ണം പെരുകിയപ്പോൾ ക്യാപ്റ്റൻ ഇടപെട്ടു: ഞാൻ താങ്കളുടെ ഭാര്യയെ വിളിക്കാൻ പോകുന്നു; എന്നിട്ട് അദ്ദേഹം ലൗഡ് സ്പീക്കറിലിട്ടു. നടുക്കടലിൽ അവളുടെ ശബ്ദം ഞാൻ സ്പീക്കറിലൂടെ കേട്ടു.

മലയാള ഗാനം, ദക്ഷിണാഫ്രിക്ക വഴി

യാത്രയ്ക്കിടെ സാറ്റലൈറ്റ് റേഡിയോയിലൂടെ ഉർമിമാല എനിക്കൊരു സമ്മാനമയച്ചു. ദക്ഷിണാഫ്രിക്കയിലെ റേഡിയോ കേന്ദ്രത്തിലെ ഓപ്പറേറ്റർ വഴിയാണു സന്ദേശം കൈമാറിയിരുന്നത്. ഒരു ദിവസം ഓപ്പറേറ്റർ പറഞ്ഞു: താങ്കൾക്കൊരു പ്രധാന സന്ദേശമുണ്ട്? വീട്ടിൽ ആർക്കെങ്കിലും അപകടം സംഭവിച്ചിരിക്കാമെന്നു ഞാൻ ഭയന്നു. പിന്നാലെ അദ്ദേഹം ആ സന്ദേശം തുറന്നു–സുന്ദരമായ ഒരു മലയാള ഗാനം. ‘ഗപ്പി’യിലെ മഞ്ഞേറും വിണ്ണോരം...

വിവാഹം കഴിഞ്ഞു; ഇനി ഒന്നിനെയും ഭയമില്ല

എനിക്ക് ഏറ്റവും പേടി വിവാഹം കഴിക്കാനായിരുന്നു. അതു ഞാൻ മറികടന്നു! ഇനി ഒന്നിനെയും ഭയമില്ല. പൊട്ടിച്ചിരിക്കിടയിൽ അഭിലാഷ് തുടർന്നു: കടലിനെ ഞാൻ അഗാധമായി സ്നേഹിക്കുന്നു. ഇനിയും പോകണം. അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ ഞാൻ ഉർമിമാലയോടു ചോദിച്ചു: ഞാൻ ഒരു ഐടി എൻജിനീയറായിരുന്നെങ്കിൽ നീ എന്നെ സ്നേഹിക്കുമായിരുന്നോ? ഉടനെത്തി മറുപടി: ഒരിക്കലുമില്ല! ഇനിയും യാത്രയ്ക്കുള്ള അനുമതി അതിലുണ്ട്.

ഇത് സിനിമാക്കഥയല്ല

ബോളിവുഡ് സിനിമകളുടെയെല്ലാം തുടക്കം ഇങ്ങനെയായിരിക്കും: ‘ഒരിടത്ത് ഒരു പെൺകുട്ടിയുണ്ടായിരുന്നു’. ഏതു കഥയിലും മസാല കടന്നുവരില്ലേ. കടൽ നിറഞ്ഞൊഴുകുന്ന എന്റെ ജീവിതകഥ അതുമായി ചേരില്ല. അതുകൊണ്ടു തൽക്കാലം സിനിമ അവിടെ നിൽക്കട്ടെ. യാത്ര തുടരട്ടെ...

തിരികെയെത്തും; 6 മാസത്തിനുള്ളിൽ

അപകടത്തിലേറ്റ പരുക്ക് 80 % മാറി. 6 മാസത്തിനുള്ളിൽ ആരോഗ്യം വീണ്ടെടുത്തു സേനയിൽ സജീവമാകും. അതുവരെ ഗോവയിലെ സമുദ്ര സഞ്ചാര പരിശീലന കേന്ദ്രത്തിൽ സേവനമനുഷ്ഠിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA