പാക്ക് ഗ്രാമങ്ങളില്‍ ഇനി ഇന്ത്യന്‍ എഫ്എം തരംഗങ്ങൾ; റേഡിയോ തന്ത്രത്തിനു മറുപടി

അമൃത്‍സർ∙ ഇന്ത്യ – പാക്കിസ്ഥാൻ തർക്കങ്ങളില്‍ വിഷയമായി റേ‍ഡിയോ തരംഗങ്ങളും. അട്ടാരിയിലെ ഇന്ത്യ – പാക്ക് അതിര്‍ത്തിയിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ഗരിൻഡ ഗ്രാമത്തിൽ ഇന്ത്യ 20 കിലോവാട്ട് ഫ്രീക്വൻസി മോഡുലേഷൻ (എഫ്എം) ട്രാൻസ്മിറ്റർ സ്ഥാപിച്ചു. തിങ്കളാഴ്ച തുടങ്ങുന്ന എഫ്എം റേഡിയോ സർവീസ് അമൃത്‍സറിൽനിന്നുള്ള ആദ്യ എഫ്എം പ്രക്ഷേപണമാണ്. നേരത്തെ പാക്ക് റേഡിയോയിൽനിന്നുള്ളവ ഇന്ത്യൻ ഗ്രാമങ്ങളിൽ വരെ കേൾക്കാനാകുമ്പോൾ പഴയ സാങ്കേതികവിദ്യയായ ആംപ്ലിറ്റ്യൂഡ് മൊഡ്യുലേറ്റഡ് (എഎം) റേഡിയോ സർവീസ് ആയിരുന്നു ഇന്ത്യ ഉപയോഗിച്ചിരുന്നത്.

90 കിലോമീറ്റർ ചുറ്റളവിൽ ലഭ്യമാകുന്ന എഫ്എമ്മിലെ പരിപാടികൾ ഇന്ത്യയിൽ മാത്രമല്ല, പാക്കിസ്ഥാനിലും ലഭ്യമാകും. പാക്കിസ്ഥാനിലെ ഷെയ്ഖ്പുര, മുരിദ്കെ, കസൂർ തുടങ്ങിയ ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ പരിപാടികൾ ലഭ്യമാകുക. പാക്കിസ്ഥാൻ സർക്കാരിന്റെ റേഡിയോ പരിപാടിയായ പഞ്ചാബി ദർബാറിനു മറുപടിയായാണ് ഇന്ത്യയുടെ നീക്കത്തെ വിലയിരുത്തുന്നത്. ഇന്ത്യയ്ക്കെതിരായി ഖലിസ്ഥാൻ വിഷയം ഉൾപ്പെടെ പ്രമേയമാക്കിയാണു കഴിഞ്ഞ 30 വർഷമായി പഞ്ചാബി ദർബാർ പ്രവര്‍ത്തിച്ചിരുന്നതെന്ന് എഐആർ (ഓൾ ഇന്ത്യ റേഡിയോ) അധികൃതർ വ്യക്തമാക്കി.

1984ലെ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൽ വധിച്ച ജര്‍ണയിൽ സിങ് ബിന്ദ്രൻവാലയുടെ പ്രസംഗങ്ങൾ ഇപ്പോഴും പാക്ക് റേഡിയോയിൽ പ്രക്ഷേപണം ചെയ്യാറുണ്ട്. ഏഴുമണി മുതൽ 7.30 വരെ പ്രക്ഷേപണം ചെയ്യുന്ന പരിപാടി ആരംഭിക്കുക സിഖ്‌ മതപ്രാർഥനയോടെയാണ്. പഞ്ചാബി ദർബാർ എന്ന പരിപാടി ഇന്ത്യയിലെ മാജ്ഹ മേഖല വരെ കേൾക്കാൻ സാധിക്കുമായിരുന്നു. സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിലും ഇപ്പോഴും അതിര്‍ത്തിയിലെ ഇന്ത്യൻ ഗ്രാമങ്ങളിൽ പാക്ക് റേഡിയോയിൽനിന്നുള്ള ഈ പരിപാടി കേൾക്കാം. ഇതിനെ മറികടക്കാനാണ് എഎം റേഡിയോ സർവീസ് മാറ്റി എഫ്എം സ്ഥാപിക്കാൻ ഇന്ത്യ തീരുമാനിച്ചത്. പുതിയ സാങ്കേതിക വിദ്യയോടെ ഇന്ത്യയുടെ ദേശ് പഞ്ചാബ് പരിപാടി അതിർത്തിക്കപ്പുറവും തടസ്സങ്ങളില്ലാതെ കേൾക്കാനാകും.

‘പഞ്ചാബി ദർബാറിനു മറുപടി നൽകുകയല്ല നമ്മുടെ ലക്ഷ്യം. നേരത്തേ പാക്കിസ്ഥാനില്‍നിന്നു ഞങ്ങൾക്കു കത്തുകൾ ലഭിക്കുമായിരുന്നു. എഫ്എം പദ്ധതിയിലൂടെ അതിർത്തിക്കപ്പുറത്തും സ്വന്തം ഗ്രാമങ്ങളിലും കൂടുതൽപേരിലേക്കു പരിപാടികൾ എത്തിക്കാൻ സാധിക്കും’– ജലന്തർ എഐആർ അസി. ഡയറക്ടർ സന്തോഷ് ഋഷി പറ‍ഞ്ഞു. ദിവസേന രണ്ടര മണിക്കൂറാണ് ദേശ് പഞ്ചാബ് പരിപാടി പ്രക്ഷേപണം ചെയ്യുക. കാർഗിൽ യുദ്ധസമയത്ത് ദേശ് പഞ്ചാബിൽ ടിജി ആഗ് എന്നപേരിൽ പ്രത്യേക ഭാഗം തുടങ്ങിയിരുന്നു. അതിര്‍ത്തിയിൽ സംഭവിക്കുന്ന കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.