തീരാദുഃഖം ഉള്ളിലൊതുക്കി അഭിലാഷ് ടോമിയെ തേടി അലോക്

അഭിലാഷ് ടോമി തന്റെ തുരിയ പായ്‌വഞ്ചിയിൽ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ പിതാവിന്റെ മൃതദേഹം കാണാൻ പോലും നിൽക്കാതെ അഭിലാഷ് ടോമിയെ രക്ഷിക്കാൻ കടലിലൂടെ സാഹസികമായി നീങ്ങുകയാണ് ഒരു ഇന്ത്യൻ നാവികൻ. നാവികസേനയുടെ ഐഎൻഎസ് സത്പുര എന്ന യുദ്ധക്കപ്പലിന്റെ കമാൻഡറും ബിഹാർ മുസഫർപുർ സ്വദേശിയുമായ ക്യാപ്റ്റൻ അലോക് ആനന്ദയാണു പിതാവിന്റെ ദേഹവിയോഗ വാർത്തയറിഞ്ഞിട്ടും രക്ഷാദൗത്യത്തിൽനിന്നു പിന്മാറാതെ അഭിലാഷ് ടോമിയെ രക്ഷിക്കാൻ കടലിലൂടെ നീങ്ങുന്നത്.

ശനിയാഴ്ച വൈകിട്ട്, ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയ്ക്കും മാലെദ്വീപിനും ഇടയിലുള്ളപ്പോഴാണ് അഭിലാഷിനെ രക്ഷിക്കാൻ അലോകിനു നിർദേശം ലഭിക്കുന്നത്. അപ്പോൾ തന്നെ കപ്പൽ രക്ഷാദൗത്യത്തിനായി തിരിച്ചു. ഇന്നലെ രാവിലെയാണ് അലോകിന്റെ പിതാവ് മരിച്ചതായി നാവികസേനയ്ക്കു വിവരം ലഭിച്ചത്. ഇക്കാര്യം അപ്പോൾ തന്നെ അലോകിനെ അറിയിച്ചു. മറ്റൊരു കപ്പലിൽ കരയിലേക്കു മടങ്ങാമെന്ന് അലോകിനോടു പറഞ്ഞുവെങ്കിലും അഭിലാഷ് ടോമിയെ രക്ഷിക്കാതെ തിരിച്ചുപോകുന്നില്ലെന്നായിരുന്നു മറുപടി.

ഫ്രാൻസിലെ മത്സ്യബന്ധനയാനം ഇന്ന് അഭിലാഷ് ടോമിയെ രക്ഷിച്ച് ഓസ്ട്രേലിയൻ കപ്പലിനു കൈമാറുമെന്നാണു കരുതുന്നത്. നാളെയോടെ അദ്ദേഹം ഐഎൻഎസ് സത്പുരയിലെത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.