മോദിയെ മാറ്റുകയാണു പാക്കിസ്ഥാന്റെയും കോൺഗ്രസിന്റെയും ലക്ഷ്യം: ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി∙ ഒറ്റ വിമർശനത്തിലൂടെ കോൺഗ്രസിനെയും പാക്കിസ്ഥാനെയും പ്രതിക്കൂട്ടിലാക്കാൻ‌ ബിജെപി. ഇന്ത്യൻ രാഷ്ട്രീയത്തിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാറ്റാനാണു രണ്ടു കൂട്ടരും ശ്രമിക്കുന്നതെന്നു ബിജെപി ആരോപിച്ചു. പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെയും മറ്റു നേതാക്കളുടെയും ട്വീറ്റുകൾ വായിച്ചുകൊണ്ടു ബിജെപി വക്താവ് സാംബിത് പാത്രയാണു പുതിയ പോർമുഖം തുറന്നത്.

അയൽരാജ്യത്തെ നേതാക്കൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കുവേണ്ടി പ്രചാരണത്തിലാണ്. രാജ്യത്തെ വലിയ നേതാവായി രാഹുൽ വരണമെന്നു ചിലയാളുകൾ ആഗ്രഹിക്കുന്നു. ആരാണവർ? പാക്കിസ്ഥാനി നേതാക്കൾക്കാണ് ഈ ആഗ്രഹം. അഴിമതി, സ്വജനപക്ഷപാതം, കുടുംബവാഴ്ച എന്നിവയ്ക്കു വേണ്ടി നിലകൊള്ളുന്നവരാണിവർ– പാത്ര പറഞ്ഞു.

കോൺഗ്രസിനും പാക്കിസ്ഥാനും തമ്മിൽ ചില സാമ്യതകളുണ്ട്. രണ്ടുകൂട്ടരും മോദിയുടെ ഭരണത്തിൽ ‘അസ്വസ്ഥരാണ്’. ഇന്ത്യൻ രാഷ്ട്രീയത്തിൽനിന്നു മോദിയെ ഒഴിവാക്കുക എന്നതാണു ഇവരുടെ ഏകലക്ഷ്യം. പാവങ്ങൾ, ദലിതർ, പിന്നാക്കക്കാർ, സാധാരണക്കാർ തുടങ്ങിയവരുടെ പിന്തുണയുള്ളതിനാൽ മോദി സന്തോഷവാനാണ്. അദ്ദേഹത്തെ ആർക്കും ഇല്ലാതാക്കാനാകില്ല– പാത്ര വ്യക്തമാക്കി.

ബിജെപി അധ്യക്ഷൻ അമിത് ഷായും സമാന ആരോപണം ഉന്നയിച്ചിരുന്നു. പാക്കിസ്ഥാനുമായി ചേർന്നു ‘രാജ്യാന്തര മഹാസഖ്യം’ ഉണ്ടാക്കാനാണു രാഹുൽ ശ്രമിക്കുന്നത്. മോദിയെ സ്ഥാനത്തുനിന്നു നീക്കുകയാണു രാഹുലിന്റെയും പാക്കിസ്ഥാന്റെയും ആവശ്യം. ‘മോദി ഹഠാവോ’  (മോദിയെ മാറ്റുക) എന്നാണു രാഹുലും പാക്കിസ്ഥാനും ആവശ്യപ്പെടുന്നത്– ഷാ പറഞ്ഞു.