അതിര്‍ത്തി കടന്ന് ഒരു മിന്നലാക്രമണം കൂടി ആവശ്യമെന്ന് കരസേനാ മേധാവി

ജനറൽ ബിപിൻ റാവത്ത്

ന്യൂഡല്‍ഹി∙ അതിര്‍ത്തിയില്‍ ഭീകരര്‍ക്കെതിരേ ഒരു മിന്നലാക്രമണം കൂടി നടത്തേണ്ട ആവശ്യമുണ്ടെന്ന് കരസേനാ മേധാവി ജനറൽ ബിപിന്‍ റാവത്ത്. പാക്കിസ്ഥാന്‍ സര്‍ക്കാരിന് സൈന്യത്തേയും ചാരസംഘടനയായ ഐഎസ്‌ഐയെയും നിയന്ത്രിക്കാന്‍ കഴിയുന്നതു വരെ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവുണ്ടാകുമെന്നു കരുതുന്നില്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

കശ്മീരില്‍ പൊലീസുകാരെ ലക്ഷ്യം വയ്ക്കുന്നത് തീവ്രവാദികളുടെ നിരാശയാണു വെളിപ്പെടുത്തുന്നണെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിനു രണ്ടു വര്‍ഷം തികയുമ്പോഴാണ് അടുത്ത ആക്രമണത്തെക്കുറിച്ചു സേനാ മേധാവി സൂചന നല്‍കിയത്. 

വെള്ളിയാഴ്ച കശ്മീരില്‍ ഭീകരര്‍ മൂന്നു പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊന്നിരുന്നു. കഴിഞ്ഞ ദിവസം ഒരു ബിഎസ്എഫ് ജവാനെ പാക് സേന വധിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ന്യുയോര്‍ക്കില്‍ യുഎന്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കേണ്ടിയിരുന്ന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍നിന്നു പിന്മാറിയതായി ഇന്ത്യ അറിയിച്ചു.