നിങ്ങളെത്ര ചെളി വാരിയെറിയുന്നുവോ അത്രയധികം താമര വിരിയും: മോദി

മധ്യപ്രദേശിൽ ബിജെപി യോഗത്തിൽ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. ചിത്രം: എഎൻഐ ട്വിറ്റർ

ഭോപ്പാൽ∙ കോൺഗ്രസ് രാജ്യത്തെ വിഭജിക്കുക മാത്രമാണു ചെയ്തിട്ടുള്ളതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ഭോപ്പാലിൽ ബിജെപി പ്രവർത്തകരുടെ ‘കാര്യകർത്ത മഹാകുംഭ്’ എന്ന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 19 സംസ്ഥാനങ്ങളിൽ  ബിജെപിയാണ് ഭരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം നേരെ പ്രവർത്തിക്കാൻപോലും അനുവദിച്ചിരുന്നില്ല. കോൺഗ്രസ് രാജ്യത്തെ വിഭജിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം ജനം പുറന്തള്ളണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വികസനം സംസാരിക്കാൻ കോൺഗ്രസിനറിയല്ല. അതാണ് അവർ സർക്കാരിനെതിരെ ചെളിവാരിയെറിയുന്നത്. ചെളിയെത്ര വാരിയെറിഞ്ഞാലും അത്രത്തോളം കൂടുതൽ താമര(ബിജെപിയുടെ ചിഹ്നം) വിരിയും. റഫാൽ വിഷയത്തിൽ കോൺഗ്രസ് ഉയർത്തുന്ന വിമർശനങ്ങൾക്കു മറുപടിയെന്നോണം മോദി പറഞ്ഞു.

റഫാല്‍ ഇടപാട് പരാമര്‍ശിക്കാതെ കോണ്‍ഗ്രസിനെ പ്രസംഗത്തിൽ പ്രധാനമന്ത്രി കടന്നാക്രമിച്ചു. തിരഞ്ഞെടുപ്പ് തോല്‍വികളില്‍ മാസികനില തെറ്റിയ കോണ്‍ഗ്രസ് ഇപ്പോള്‍ രാജ്യാന്തര തലത്തില്‍ സഖ്യസാധ്യതകള്‍ തേടുകയാണ്. രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആരാകണമെന്നത് നിശ്ചയിക്കേണ്ടത് മറ്റുരാജ്യങ്ങളാണോയെന്ന് ചിന്തിക്കണം. വിശാലപ്രതിപക്ഷത്തിന് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവില്ല. 125 വർഷം പാരമ്പര്യമുണ്ടെന്നു പറയുന്ന കോണ്‍ഗ്രസ് ഇന്ന് നിലനില്‍പ്പിനായി ഈര്‍ക്കില്‍ പാര്‍ട്ടികളുടെ കാലുപിടിക്കുകയാണ്. 

സ്വന്തം നിലനില്‍പ്പിനും നേട്ടത്തിനും മാത്രം സഖ്യചര്‍ച്ചകള്‍ ആരംഭിച്ച പാര്‍ട്ടികള്‍ ഇപ്പോള്‍ പരാജയഭീതിയിലാണ് ബിജെപിക്കെതിരെ ഒന്നിച്ചുനില്‍ക്കാന്‍ തീരുമാനിച്ചത്. യുപിഎ അധികാരത്തിലിരുന്നപ്പോള്‍ ബിജെപി മുഖ്യമന്ത്രിമാരോട് കടുത്ത അവഗണനയാണ് കാണിച്ചത്. മുഖ്യമന്ത്രിയായിരുന്ന തന്നോട് അന്നത്തെ ഒരു കേന്ദ്രമന്ത്രി ‘നമസ്കാരം’ പോലും പറയാതെ അവഗണിച്ചു. രാജ്യത്ത് വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഉടന്‍ അന്ത്യം കുറിക്കും. എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള സമഗ്രവികസനമാണ് കേന്ദ്രസര്‍ക്കാർ ലക്ഷ്യമിടുന്നത്. 

സഖ്യത്തിന് കോൺഗ്രസിന് കക്ഷികളെ കിട്ടിയാലും ആ സഖ്യം വിജയിക്കില്ലെന്ന് മോദി അവകാശപ്പെട്ടു. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയ്ക്കൊപ്പം മഹാത്മാഗാന്ധി, റാം മനോഹർ ലോഹ്യ എന്നിവരുടെ സംഭാവനകളും പ്രസംഗത്തിൽ മോദി എടുത്തുപറഞ്ഞു. 

കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും സംസാരിച്ചു. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യുപിഎ സർക്കാർ തികഞ്ഞ പരാജയമായിരുന്നെന്ന് അമിത് ഷാ ആരോപിച്ചു. വരും തിരഞ്ഞെടുപ്പുകളിൽ ജയിക്കാമെന്ന പകൽകിനാവിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെന്നും അമിത് ഷാ പറഞ്ഞു. 

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് പ്രധാനമന്ത്രിയുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത വമ്പന്‍ സമ്മേളനം സംഘടിപ്പിച്ചത്. ഭാരതീയ ജനസംഘം നേതാവ് പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് 'കാര്യകർത്ത മഹാകുംഭ്' എന്ന പരിപാടി സംഘടിപ്പിച്ചത്.

ജംബൂരി മൈതാനത്തിൽ നടന്ന സമ്മേളനം ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ സമ്മേളനമാണെന്നാണ് ബിജെപിയുടെ അവകാശവാദം. മുന്‍ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണാർഥം ‘അടൽ മഹാകുംഭ് പരിസർ’ എന്നാണ് വേദിക്കു പേര് നൽകിയത്. കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഭോപ്പാൽ സന്ദർശിച്ചതിനു പിന്നാലെയാണ് മോദിയും അമിത് ഷായും മധ്യപ്രദേശിലെത്തിയത്.