കടൽ അശാന്തമായിരുന്നു; രക്ഷിച്ചവർക്കു നന്ദി: അഭിലാഷ് ടോമി

അഭിലാഷ് ടോമി ചികിത്സയിൽ കഴിയുന്ന ചിത്രം ഇന്ത്യൻ നാവികസേന പുറത്തുവിട്ടപ്പോള്‍.

കാൻബറ ∙ നടുക്കടലിൽനിന്നു സാഹസികമായി രക്ഷപ്പെടുത്തിയതിനു നന്ദി അറിയിച്ച് കമാൻഡർ അഭിലാഷ് ടോമി. സാഹചര്യങ്ങൾ തീർത്തും പ്രതികൂലമായിട്ടും തന്നെ രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികസേനയ്ക്കും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവർക്കും അഭിലാഷ് ടോമി നന്ദി പറഞ്ഞു. രക്ഷപ്പെടുത്തിയ ശേഷമുള്ള ചിത്രങ്ങളും അഭിലാഷിന്റെ ആദ്യ പ്രതികരണവും ഇന്ത്യൻ നാവികസേനയാണു പുറത്തുവിട്ടത്. 

അവിശ്വസനീയമായ വിധത്തിൽ അശാന്തമായിരുന്നു കടലെന്ന് അഭിലാഷ് ടോമി പറഞ്ഞു. പ്രകൃതിയുടെ ശക്തിയോടു പൊരുതിയാണ് ഞാനും എന്റെ ബോട്ട് തുരീയയും പിടിച്ചുനിന്നത്. പായ്‌വഞ്ചിയോട്ടത്തിലെ വൈദഗ്ധ്യവും നാവികസേനയിൽനിന്നു ലഭിച്ച വിദഗ്ധ പരിശീലനവും അതിനൊപ്പം എന്റെയുള്ളിലെ സൈനിക ബലവുമാണു കടുത്ത പ്രതിസന്ധി അതിജീവിക്കാൻ തുണയായത്. ഇന്ത്യൻ നാവികസേനയോടും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവരോടും ഉള്ളുനിറഞ്ഞു നന്ദി അറിയിക്കുന്നു – അഭിലാഷ് ടോമി പറഞ്ഞു.

ന്യൂ ആംസ്റ്റർഡാം ദ്വീപിലെത്തിച്ച കമാൻഡർ അഭിലാഷ് ടോമിയുടെ പരുക്ക് അതീവ ഗുരുതരമല്ലെന്നു വ്യക്തമാക്കുന്ന എക്സ്റേ ഫലം പുറത്തു വന്നിരുന്നു. പരിശോധനാഫലം വിദഗ്ധ സംഘം പരിശോധിച്ച ശേഷമാകും തുടർചികിൽസ തീരുമാനിക്കുകയെന്നാണു രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ഓസ്ട്രേലിയൻ മാരിടൈം സേഫ്റ്റി അതോറിറ്റി അറിയിച്ചത്.

പായ്‌വഞ്ചി മൽസരത്തിനിടെ അപകടത്തിൽപ്പെട്ട് നടുവിനു പരുക്കേറ്റ അഭിലാഷിനെയും ഐറിഷ് നാവികൻ ഗ്രിഗർ മക്ഗുകിനെയും ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 9.30നാണ് ആംസ്റ്റർഡാം ദ്വീപിലെത്തിച്ചത്. ഫ്രഞ്ച് അധീന പ്രദേശമായ ഇവിടത്തെ പരിമിത സൗകര്യങ്ങൾ മാത്രമുള്ള ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. ഓസ്ട്രേലിയൻ നാവികസേനാ കപ്പൽ എച്ച്എഎംഎസ് ബലാററ്റ് വെള്ളിയാഴ്ചയോടെ ഇവിടെയെത്തും. ഇന്ത്യൻ നാവികസേനാ കപ്പലായ ഐഎൻഎസ് സത്പുരയും വരുംദിവസങ്ങളിലെത്തും. അഭിലാഷിനെയും ഗ്രിഗറിനെയും രക്ഷിച്ച ഫ്രഞ്ച് മൽസ്യബന്ധനക്കപ്പൽ ഒസിരിസ് അതിനു ശേഷമേ മടങ്ങൂ.

അഭിലാഷിനെ സത്പുരയിൽ മൊറീഷ്യസിലെത്തിച്ചു തുടർചികിൽസ നൽകാനാണു തീരുമാനമെന്നു പ്രതിരോധമന്ത്രി നിർമല സീതാരാമൻ തിങ്കളാഴ്ച അറിയിച്ചിരുന്നു. ആദ്യമെത്തുന്ന കപ്പൽ ബലാററ്റ് ആയതിനാൽ ഇവരെ ഓസ്ട്രേലിയൻ തുറമുഖമായ ഫ്രീമാന്റലിലേക്കു കൊണ്ടുപോകാനുള്ള സാധ്യതകളും പരിഗണിക്കുന്നു.