യുഎന്നില്‍ ഇന്ത്യയെ പുകഴ്ത്തി ട്രംപ്; ലക്ഷങ്ങളെ ദാരിദ്ര്യത്തില്‍നിന്നു കൈപിടിച്ചുയര്‍ത്തി

ന്യൂയോര്‍ക്ക്∙ ദശലക്ഷകണക്കിന് പൗരന്‍മാരെ ദാരിദ്രത്തില്‍ നിന്നും മോചിപ്പിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ്. സ്വതന്ത്ര സമൂഹമായ ഇന്ത്യ ദശലക്ഷ കണക്കിന് പൗരന്‍മാരെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിച്ച് മധ്യവര്‍ഗക്കാരാക്കി മാറ്റുന്നതില്‍ വിജയിച്ചുവെന്നാണു പൊതുചര്‍ച്ചയില്‍  ട്രംപ് പറഞ്ഞത്. 

അശാന്തിയും മരണവും നാശവും വിതയ്ക്കുന്നവരാണ് ഇറാന്‍ നേതാക്കള്‍ എന്ന് കുറ്റപ്പെടുത്തിയ പ്രസംഗത്തിനിടെയാണ് ട്രംപ് ഇന്ത്യയെ സ്തുതിച്ചത്. നവംബറില്‍ ഇറാനില്‍ നിന്നും ഇന്ത്യ അസംസ്‌കൃത എണ്ണ വാങ്ങാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്ന സാഹചര്യത്തില്‍ ട്രംപിന്റെ പുകഴ്ത്തല്‍ സംശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാന്‍ ഇന്ത്യക്കു മേല്‍ യുഎസിന്റെ ശക്തമായ സമ്മര്‍ദമുണ്ടായിരുന്നു. ഇറാനെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന വാണിജ്യ ഉപരോധം ഇന്ത്യ, ചൈന കമ്പനികള്‍ക്കും ബാധകമാണെന്നും അവര്‍ക്ക് മാത്രമായി പ്രത്യേക ഇളവ് നല്‍കാന്‍ കഴിയില്ലെന്നുമുള്ള നിലപാടാണ് യുഎസ് സ്വീകരിച്ചുവരുന്നത്.

അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി നിര്‍ത്തലാക്കാന്‍ ഇന്ത്യ തീരുമാനിക്കുകയാണെങ്കില്‍ ടെഹ്‌റാനു നഷ്ടമാകുക ഏറ്റവും വലിയ ഇടപാടുകാരിലൊരാളെയാകും. ട്രംപിന്റെ പ്രശംസയും ഇതുമായി ബന്ധമുണ്ടോയെന്ന് ഉറപ്പില്ലെങ്കിലും ഇത്തരമൊരു സാധ്യതയാണ് സംശയങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. 

നവംബറില്‍ ഇറാനില്‍ നിന്നും ഇന്ത്യ അസംസ്‌കൃത എണ്ണ വാങ്ങാനിടയില്ലെന്ന വാര്‍ത്ത ബ്ലൂംബെര്‍ഗ് ന്യൂസാണ് പുറത്തുവിട്ടത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയം ഇറാനില്‍ നിന്നും നവംബറില്‍ അസംസ്‌കൃത എണ്ണക്ക് ഓര്‍ഡര്‍ നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. നയാര എനര്‍ജിക്കും നവംബറില്‍ ഇറാനില്‍ നിന്നും എണ്ണ വാങ്ങാന്‍ പദ്ധതിയില്ലെന്നും മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ഇതുവരെയായും ഓര്‍ഡറൊന്നും നല്‍കിയിട്ടില്ലെങ്കിലും സമീപ ഭാവിയില്‍ ഇതിനു സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇറാനില്‍ നിന്നും അസംസ്‌കൃത എണ്ണ വാങ്ങുന്ന നാലു പ്രധാന കമ്പനികളുടെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. 

ഇറാനുമായുള്ള വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു. ദക്ഷിണ കൊറിയയും ജപ്പാനും അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി അവസാനിപ്പിച്ചെങ്കിലും ചൈന വഴങ്ങാനുള്ള സാധ്യത കുറവാണ്. ഇന്ത്യയെ പ്രശംസിക്കുമ്പോഴും ചൈനക്ക് ശക്തമായ മുന്നിറിയിപ്പു നല്‍കാനും ട്രംപ് തയാറായത് ഈ പശ്ചാത്തലത്തിലാണ്. ഷീ ചിന്‍പിങ് തന്റെ അടുത്ത സുഹൃത്താണെങ്കിലും വ്യാപാരത്തിലെ അസമത്വം അംഗീകരിക്കാനാകില്ലെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. വിപണിക്കു മേല്‍ ചൈന നടത്തുന്ന കടന്നുകയറ്റവും അവരുടെ ഇടപെടല്‍ രീതിയും ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പും ട്രംപ് നല്‍കി. ചൈനയും യുഎസും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് ഊര്‍ജ്ജം പകര്‍ന്ന് കൂടുതല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് ഇത്തരമൊരു മുന്നറിയിപ്പ്.