രാഷ്ട്രീയ നേതാക്കളെ അവഹേളിക്കരുത്; കർശന നടപടിയെന്ന് കെഎസ്ഇബി ചെയര്‍മാൻ

കെഎസ്ഇബി ചെയര്‍മാന്റെ സന്ദേശം

തിരുവനന്തപുരം∙ സമൂഹ മാധ്യമങ്ങളിലൂടെ രാഷ്ട്രീയ നേതാക്കളെ അവഹേളിക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെക്കുമെന്ന് കെഎസ്ഇബി ചെയര്‍മാന്റെ സന്ദേശം. ചെയര്‍മാന്റെ സന്ദേശമെന്ന പേരില്‍ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്കീം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിലൂടെയോ കമന്റിലൂടെയോ രാഷ്ട്രീയക്കാരെ വ്യക്തിഹത്യ നടത്തുന്ന ജീവനക്കാര്‍ അത്തരം നടപടികളില്‍നിന്ന് പിന്‍തിരിയണമെന്നും തെളിവുകള്‍ ലഭിച്ചാല്‍ മാനേജ്മെന്റ് തലത്തില്‍ നടപടിയെടുക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

പ്രളയ ദുരന്തത്തെത്തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാര്‍ക്കിടയില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ശക്തമായിരുന്നു. അണക്കെട്ടുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ സജീവമാകുകയും രാഷ്ട്രീയ നേതൃത്വത്തെ പരിഹസിക്കുന്ന രീതിയില്‍ കമന്റുകള്‍ ഉണ്ടാകുകയും ചെയ്തതോടെയാണ് സംഭവം ബോര്‍ഡ് മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. സാലറി ചാലഞ്ചുമായി ബന്ധപ്പെട്ടും രാഷ്ട്രീയ നേതാക്കളെ പരിഹസിക്കുന്ന ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ഉണ്ടായതോടെയാണ് ബോര്‍ഡ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.