മറ്റു രാജ്യങ്ങളിൽ തലയിടുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം: യുഎസിനോട് ചൈന

ചൈനീസ് പ്രസിഡന്റ് ഷിചിൻപിങ്ങും യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപും (ഫയൽ ചിത്രം)

ബെയ്ജിങ്∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോപണങ്ങൾക്കു മറുപടിയുമായി ചൈന. ഒരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മറ്റു രാജ്യങ്ങളുടെ കാര്യങ്ങളിൽ തലയിടുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. ചൈനയെക്കുറിച്ച് അപഖ്യാതികൾ പരത്തുന്നതു യുഎസ് നിർത്തണം. ബന്ധത്തിനു തകരാർ ഉണ്ടാക്കുന്ന നീക്കങ്ങള്‍ യുഎസ് ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് ഷുവാങ് പറഞ്ഞു.

തെക്കൻ ചൈന കടലിനു മുകളിലൂടെ യുഎസ് ബോംബർ വിമാനങ്ങൾ പറത്തിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ തിരിച്ചടിയാകും. യുഎസ് നീക്കം പ്രകോപനപരമാണെന്നും രാജ്യത്തിന്റെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനു ചൈന എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രതിരോധ മന്ത്രാലയ വക്താവ് റെൻ ഗോക്യാങ് വ്യക്തമാക്കി. തെക്കൻ ചൈന കടലിൽ ഏഴ് ചെറുദ്വീപുകൾ ചൈന നിർമിച്ചിട്ടുണ്ട്. സൈനിക സംഘങ്ങൾ, എയർ സ്ട്രിപ്പുകൾ, റഡാർ‌, മിസൈല്‍ സംവിധാനങ്ങൾ എന്നിവ വിന്യസിക്കുകയാണു ലക്ഷ്യം. ചൈനയ്ക്കു പുറമേ മറ്റ് അഞ്ചു രാഷ്ട്രങ്ങളും ഈ മേഖലയിൽ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

നവംബർ ആറിനു നടക്കാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പിൽ‌ ചൈന ഇടപെടാൻ ശ്രമിക്കുകയാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചിരുന്നു. വ്യാപാരകാര്യങ്ങളിൽ ചൈനയെ നിയന്ത്രിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റായതിനാൽ, തന്നെയും പാർട്ടിയെയും തോൽപ്പിക്കാൻ ചൈന ശ്രമിക്കുകയാണെന്നും ട്രംപ് പറഞ്ഞു.