പവാറിന്‍റെ മോദി അനുകൂല നിലപാട്: എൻസിപിയിൽ വീണ്ടും രാജി

മുംബൈ ∙ റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി ശരദ് പവാർ നടത്തിയ പ്രസ്താവനയെച്ചൊല്ലി എൻസിപിയിൽ വിയോജിപ്പു കനക്കുന്നു. പവാറിന്‍റെ നിലപാടിൽ പ്രതിഷേധിച്ച് ജനറൽ സെക്രട്ടറി മുനാഫ് ഹക്കീം പാർട്ടി വിട്ടു. രണ്ടു ദിവസത്തിനിടെ രാജിവയ്ക്കുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് മുനാഫ് ഹക്കീം. മുതിർന്ന നേതാവും ദേശീയ ജനറൽ സെക്രട്ടറിയുമായ താരീഖ് അൻവർ നേരത്തെ പാർട്ടി വിട്ടിരുന്നു. ബിഹാറിലെ കഠിഹാർ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗത്വവും അൻവർ രാജിവച്ചിരുന്നു. റഫാൽ വിവാദത്തിൽ പ്രധാനമന്ത്രിയെ പവാർ പിന്തുണച്ചതോടെ പൊതുമധ്യത്തിൽ പാർട്ടിയുടെ പ്രതിച്ഛായക്കു ക്ഷീണം സംഭവിച്ചെന്ന് ആരോപിച്ചാണ് പാർട്ടിയുടെ പ്രാഥമികാംഗത്വം ഹക്കീം രാജിവച്ചത്.

മോദി സർക്കാരിനെതിരെയുള്ള വജ്രായുധമായി റഫാൽ ഉടമ്പടി കോൺഗ്രസ് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനിടെ വന്ന പവാറിന്‍റെ പ്രസ്താവന പ്രതിപക്ഷ ഐക്യനിരയെയും സാരമായി ഉലച്ചിട്ടുണ്ട്. റഫാൽ ഇടപാടിൽ മോദിയുടെ ഉദ്ദേശ്യശുദ്ധിയെ ആരും സംശയിക്കില്ലെന്നായിരുന്നു ഒരു മറാഠി ചാനലിനു നൽകിയ അഭിമുഖത്തിൽ പവാർ വ്യക്തമാക്കിയത്. തന്‍റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും റഫാലിൽ മോദിക്കെതിരെ ഉറച്ച നിലപാടുമായി മുന്നോട്ടുപോകുമെന്നും പവാർ വ്യക്തമാക്കിയതായി കോൺഗ്രസ് പിന്നീട് വിശദീകരിച്ചിരുന്നു.

മുൻ പ്രതിരോധ മന്ത്രി കൂടിയായ പവാറിന്‍റെ പ്രസ്താവന ഫലത്തിൽ ക്ഷീണമായത് കോൺഗ്രസിനാണ്. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് പവാർ വ്യക്തമാക്കിയതായി കോൺഗ്രസ് അറിയിച്ചെങ്കിലും ഇത്തരമൊരു പരസ്യ വിശദീകരണം എൻസിപി അധ്യക്ഷന്‍റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. പാർട്ടിക്കകത്തെ പൊട്ടിത്തെറി ഒഴിവാക്കാൻ പവാറിന്‍റെ മകൾ സുപ്രിയ സുളെ നടത്തിയ നീക്കങ്ങൾ ഫലപ്രദമായിട്ടില്ലെന്നാണ് ഹക്കീമിന്‍റെ രാജി സൂചിപ്പിക്കുന്നത്.