വൈദ്യുതി: ഗാർഹികേതര ബിൽ 2000 രൂപ കഴിഞ്ഞാൽ ഓൺലൈൻ പേയ്മെന്റ്

തിരുവനന്തപുരം∙ ഗാർഹികേതര ഉപയോക്താക്കളുടെ വൈദ്യുതി ബിൽ 2000 രൂപയ്ക്കു മുകളിലാണെങ്കിൽ നവംബർ ഒന്നു മുതൽ ഓൺലൈൻ പേയ്മെന്റ് മാത്രം. കേന്ദ്ര സർക്കാരിന്റെ കർശന നിർദേശത്തെ തുടർന്നാണു തീരുമാനം. വ്യവസായ, വാണിജ്യ ഉപയോക്താക്കൾ ഉൾപ്പെടെ ഗാർഹിക ഉപയോക്താക്കളല്ലാത്ത മുഴുവൻ പേർക്കും ഇതു ബാധകമായിരിക്കുമെന്നു വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു.

ഇന്ത്യയിലെ മിക്കവാറും എല്ലാ വൈദ്യുതി വിതരണക്കമ്പനികളും നഷ്ടത്തിലാണെന്നതിനാൽ ചെലവു ചുരുക്കലിന്റെ ഭാഗമായാണു കേന്ദ്രം ഈ നിർദേശം നൽകിയത്. ഇതു വഴി ജോലിഭാരം കുറയ്ക്കാനും ജീവനക്കാരെ മാറ്റി നിയമിക്കാനും സാധിക്കും. നിർദേശം നടപ്പാക്കിയില്ലെങ്കിൽ ബോർഡിനു കേന്ദ്രത്തിൽനിന്നു ലഭിക്കേണ്ട പല ആനുകൂല്യങ്ങളും പദ്ധതികളും വെട്ടിക്കുറച്ചേക്കാം. വൈദ്യുതി ബിൽ ഓൺലൈൻ ആയി അടയ്ക്കാൻ 12 മാർഗങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് അനായാസം ബിൽ അടയ്ക്കാനാകുമെന്നു ചെയർമാൻ ചൂണ്ടിക്കാട്ടി.