സമാധാന ചർച്ചയ്ക്ക് എപ്പോഴും തയാർ; ഇന്ത്യയോട് പാക്ക് വിദേശകാര്യമന്ത്രി

ന്യൂയോർക്ക്∙ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സാർക് മന്ത്രിമാരുടെ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ സംഭവത്തിൽ പ്രതികരിച്ച് പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി. സുഷമ സ്വരാജിനെ മ്ലാനതയോടെയാണു യോഗത്തിൽ കണ്ടത്. അവര്‍ വളരെ ആശങ്കപ്പെട്ടിരുന്നു. ഞങ്ങൾ ഇരുവരും പരസ്പരം ചിരിക്കണമായിരുന്നു– ഖുറേഷി പറഞ്ഞു.

ഇറങ്ങിപ്പോകുമ്പോൾ അവർ വലിയ സമ്മര്‍ദത്തിലായിരുന്നു. മാധ്യമങ്ങളോടുപോലും പ്രതികരിക്കാൻ സുഷമ സ്വരാജ് തയാറായില്ല. എനിക്ക് ഒരു പ്രശ്നവുമില്ല, പക്ഷേ അവരുടെ മുകളിലുള്ള രാഷ്ട്രീയ സമ്മര്‍ദം കാണാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂയോർക്കിൽ യുഎൻ പൊതുസഭയുടെ ഭാഗമായി നടന്ന സാർക് മന്ത്രിമാരുടെ യോഗത്തിൽ പ്രസംഗിച്ചശേഷം സുഷമ സ്വരാജ് ഇറങ്ങിപ്പോയിരുന്നു. പാക്ക് മന്ത്രിയുടെ പ്രസംഗത്തിനു മുൻപായിരുന്നു സുഷമയുടെ ഇറങ്ങിപ്പോക്ക്.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രത്യേക അഭ്യർഥന പ്രകാരമാണു വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് ഇന്ത്യ സമ്മതിച്ചത്. എന്നാൽ ജമ്മു കശ്മീരിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ ഭീകരരുടെ വെടിയേറ്റുമരിച്ചതിനു പിന്നാലെ കൂടിക്കാഴ്ചയിൽനിന്ന് ഇന്ത്യ പിൻമാറി.

അവര്‍ വിമുഖത കാണിച്ചത് എന്തിനാണെന്നായിരുന്നു ഖുറേഷി പാക്ക് മാധ്യമങ്ങളോട് ഇതിനെക്കുറിച്ചു പ്രതികരിച്ചത്. ഇതിനു കാരണം തിരഞ്ഞെടുപ്പുകളും രാഷ്ട്രീയവുമാണ്. തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിടുമോയെന്ന ഭയം അവർക്കുണ്ട്. പക്ഷേ സമാധാന നീക്കങ്ങളിൽനിന്നു പാക്കിസ്ഥാൻ പിന്നോട്ടില്ല. മേഖലയുടെ വികസനം അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുമായി എപ്പോഴും ചർച്ചകൾക്കു തയാറാണെന്നും ഖുറേഷി വ്യക്തമാക്കി. ഭീകരവാദവും സമാധാന ചർച്ചകളും ഒരുമിച്ചു പോകില്ലെന്നാണ് ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട്.