പൊലീസ് സ്റ്റേഷൻ ആക്രമിച്ച ഭീകരർ തുടരെ വെടിയുതിർത്തു; ഒരു പൊലീസുകാരനു പരുക്ക്

ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഷോപിയാനിൽ പൊലീസ് സ്റ്റേഷനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനു പരുക്കേറ്റു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പൊലീസ് സ്റ്റേഷനിലേക്കെത്തിയ ഭീകരർ തുടരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പൊലീസുകാരൻ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

അതിനിടെ കുപ്‌വാര ജില്ലയിൽ നിയന്ത്രണ രേഖയ്ക്കു സമീപം പാക് സൈന്യത്തിന്റെ സഹായത്തോടെ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യ തകർത്തു. പാക്ക് സൈന്യത്തിന്റെ വെടിനിര്‍ത്തൽ കരാർ ലംഘനത്തിനും ഭീകരരുടെ നുഴഞ്ഞു കയറ്റത്തിനുമെതിരെ ശക്തമായ പ്രതിരോധമാണ് ഇന്ത്യ തീർത്തത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇന്ത്യയുടെ ഭാഗത്ത് ആർക്കും പരുക്കേറ്റിട്ടില്ല.