കത്തുകളിലൂടെ ഞങ്ങൾ ‘സ്നേഹ’ത്തിലായി: കിമ്മിനെ പുകഴ്ത്തി ഡോണൾഡ് ട്രംപ്

കിം ജോങ് ഉൻ, ഡോണൾഡ് ട്രംപ്

വാഷിങ്ടൻ∙ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി താന്‍ ‘സ്നേഹ’ത്തിലായിപ്പോയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയയിൽനിന്നു ലഭിച്ച മനോഹരമായ കത്തുകളിലൂടെയാണു സ്നേഹം തുടങ്ങിയതെന്നും ട്രംപ് അവകാശപ്പെട്ടു. ശനിയാഴ്ച റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ പ്രാദേശിക സ്ഥാനാർഥികൾക്കു വേണ്ടി വെസ്റ്റ് വിർജീനിയയില്‍ നടത്തിയ റാലിയിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ യുഎന്നിന്റെയും മറ്റു രാഷ്ട്രങ്ങളുടെയും നോട്ടപ്പുള്ളിയായ കിമ്മിനെ യുഎന്നിലും ട്രംപ് പുകഴ്ത്തിയിരുന്നു. അസാധാരണമായ കത്ത് കിമ്മിൽനിന്നു തനിക്കു ലഭിച്ചതായി ട്രംപ് അവകാശപ്പെട്ടു. ഉത്തരകൊറിയൻ ഭരണാധികാരിയുമായുള്ള രണ്ടാം കൂടിക്കാഴ്ചയ്ക്കുള്ള നടപടികൾ വേഗത്തിലാകുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. യുഎൻ വേദിയിൽ ഒരു വർഷം മുന്‍പ് ട്രംപ് ഉത്തരകൊറിയയ്ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. 

യുഎൻ ജനറൽ അസംബ്ലിയിലെ ആദ്യ പ്രസംഗത്തിൽ ഉത്തരകൊറിയയെ പൂർണമായി നശിപ്പിക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. തൊട്ടുപിന്നാലെ കിം ട്രംപിനെ യുഎസിലെ മന്ദബുദ്ധിയെന്നും പരിഹസിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വാക്പോരാട്ടം യുദ്ധത്തിലേക്കു കടക്കുമെന്ന് ആശങ്കകൾ ഉയരുന്നതിനിടെയാണു കാര്യങ്ങൾ മാറിമറിഞ്ഞത്. കഴിഞ്ഞ ജൂണിൽ സിങ്കപ്പൂരിൽ വച്ച് ട്രംപും കിമ്മും കൂടിക്കാഴ്ച നടത്തി. യുഎസ്– ഉത്തരകൊറിയ ചരിത്രത്തിലെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.