ആധാർ ഒഴിവാക്കൽ പദ്ധതികൾ സമർപ്പിക്കണം: ടെലികോം കമ്പനികളോട് യുഐഡിഎഐ

ന്യൂഡൽഹി∙ ഉപയോക്താക്കളുടെ ആധാർ വിവരങ്ങൾ ശേഖരിക്കുന്നതു നിർത്താനുള്ള പദ്ധതികൾ 15 ദിവസത്തിനകം സമർപ്പിക്കണമെന്നു ടെലികോം കമ്പനികളോടു സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ). ടെലികോം സേവനങ്ങൾക്ക് ആധാർ നിർബന്ധമല്ലെന്ന സുപ്രീംകോടതി വിധിയെത്തുടർന്നാണ് ഉത്തരവ്.

ഒക്ടോബർ 15നുള്ളിൽ തുടർ പദ്ധതികൾ അറിയിക്കണം. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾക്കാണു നിർദേശം ബാധകം. ആധാർ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെങ്കിൽ ഉപയോക്താവിനു ഡീ ലിങ്ക് ചെയ്യാനുള്ള സൗകര്യമൊരുക്കണം. ആധാർ അധിഷ്ഠിത സേവനങ്ങൾ അവസാനിക്കുമ്പോൾ ഇനി കടലാസ് രേഖകളിലേക്കു കമ്പനികൾക്കു മടങ്ങേണ്ടി വരും.