ബ്രൂവറി വിവാദം: സർക്കാർ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നു പ്രകാശ് കാരാട്ട്

കൊച്ചി∙ ബ്രൂവറി വിവാദത്തില്‍ സംസ്ഥാന നേതൃത്വം നിലപാടു വ്യക്തമാക്കുമെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ചു തനിക്ക് അറിയില്ലെന്നും അതിനാല്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തു പുതുതായി മൂന്നു ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതിൽ ചട്ടലംഘനമില്ലെന്നായിരുന്നു മന്ത്രി ടി.പി. രാമകൃഷ്ണൻ നിലപാടെടുത്തിരുന്നത്. പ്രതിപക്ഷം അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. ഈ വിഷയത്തിൽ വ്യവസായ വകുപ്പുമായി ഭിന്നതയില്ല. ബ്രൂവറികൾ അനുവദിക്കുന്നതിൽ സർക്കാർ അനാവശ്യ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബ്രൂവറിക്ക് കിന്‍ഫ്ര സ്ഥലം അനുവദിച്ചിട്ടില്ലെന്നു വ്യവസായ മന്ത്രി ഇ.പി. ജയരാജനും ഈക്കാര്യം മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കാനം രാജേന്ദ്രനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബ്രൂവറിക്ക് അനുമതി നൽകിയവരാണ് ഇക്കാര്യത്തിൽ വീഴ്ച വന്നിട്ടുണ്ടോയെന്ന് ആലോചിക്കേണ്ടത്. ഡിസ്റ്റലറി അനുവദിച്ചതിൽ അഴിമതി ആരോപിക്കുന്ന പ്രതിപക്ഷ നേതാവ് തെളിവുകൾ ഹാജരാക്കണമെന്നും കാനം പറഞ്ഞിരുന്നു.