തടവുകാരുടെ മോചനം: സർക്കാർ ശുപാർശയിൽ തീരുമാനമെടുക്കാതെ ഗവര്‍ണർ

Representative image

തിരുവനന്തപുരം ∙ ശിക്ഷാഇളവു നൽകി തടവുകാരെ കൂട്ടത്തോടെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ ഗവര്‍ണറുടെ തീരുമാനം വൈകും. രാജ്ഭവനിലെത്തിയ ഫയല്‍ ഗവര്‍ണര്‍ പരിശോധിച്ചിട്ടില്ല. ശിക്ഷാ ഇളവ് നല്‍കാനുള്ള ആളുകളുടെ പട്ടിക മാത്രമാണു സര്‍ക്കാര്‍ കൈമാറിയത്. ഇവര്‍ ചെയ്ത കുറ്റം വ്യക്തമാക്കുന്ന ഫയലുകളോ അനുബന്ധ രേഖകളോ സമര്‍പ്പിച്ചിട്ടില്ല.  

ഗവര്‍ണര്‍ സര്‍ക്കാരിനോടു കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടും. നിയമോപദേശം തേടിയശേഷമേ തീരുമാനമെടുക്കൂ. ഇപ്പോള്‍ പട്ടികയിലുള്ള ചിലര്‍ക്കു ശിക്ഷാ ഇളവ് ലഭിക്കാന്‍ സാധ്യതയില്ലെന്നാണു ലഭിക്കുന്ന വിവരം. വിവിധ കുറ്റകൃത്യങ്ങൾക്കായി ശിക്ഷിക്കപ്പെട്ടു ജയിലുകളിൽ കഴിയുന്ന 36 തടവുകാരെ വിട്ടയയ്ക്കാനാണു മന്ത്രിസഭ ഗവര്‍ണറോടു ശുപാർശ ചെയ്തത്.

കൊലപാതകക്കേസിലെ പ്രതികൾ, ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചവര്‍, അന്തർ സംസ്ഥാന സ്പിരിറ്റ് കടത്തുകേസിൽ ശിക്ഷിക്കപ്പെട്ടവർ എന്നിവർ അടക്കമുള്ളവരെ വിട്ടയയ്ക്കാനാണു ശുപാര്‍ശ. ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തിന്റെ ഭാഗമായി 126 പേരുടെ പട്ടികയാണു ശിക്ഷാ ഇളവിനായി സംസ്ഥാന ജയിൽ ഉപദേശക സമിതി ശുപാർശ ചെയ്തത്. ഇതിൽ 36 പേരുടെ പട്ടികയാണു മന്ത്രിസഭ അംഗീകരിച്ചത്. 

ശുപാര്‍ശപ്പട്ടികയില്‍ ഉള്ളവര്‍

വേലു, ശശിധരൻ, തോമസ് ജോസഫ്, ഉണ്ണിക്കൃഷ്ണൻ, ലക്ഷ്മണൻ, വിദ്യാധരൻ, പൗലോസ്, ശ്രീകുമാർ, വിജയൻ, മാത്യു വർഗീസ്, പ്രസാദ്, ജോസ്, സനൽകുമാർ, രാജൻ, അഭിലാഷ്, അനീഷ്, ജലീൽ, കുമാർ, സുരേഷ്, കുട്ടൻ, അബ്ദുൽ റഹ്മാൻ, ബാലകൃഷ്ണൻ, ശ്രീധരൻ, ഹുസൈൻ, സുരേഷ്, രാജുപോൾ, കണ്ണൻ, രാജേന്ദ്രൻ, സുബൈർ, കുമാരൻ, അബൂബക്കർ, സിദ്ധിഖ്, ഹാരിസ്, പത്മനാഭൻ, സുരേന്ദ്രൻ.