ചൈനയിലെത്തിയ ഇന്റർപോൾ പ്രസിഡന്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ചു

മങ് ഹങ്‌വേ

പാരിസ്∙ രാജ്യാന്തര അന്വേഷണ ഏജൻസിയായ ഇന്റർപോളിന്റെ പ്രസിഡന്റ് മങ് ഹങ്‌വേയെ കാണാനില്ലെന്നു സൂചന. സെപ്റ്റംബർ 29നു ചൈനയിലേക്കു പോയ മങ് പിന്നീട് ഇതുവരെ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്ന് ഫ്രഞ്ച് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തിരോധാനത്തിൽ അന്വേഷണം ആരംഭിച്ചതായും അവർ പറഞ്ഞു. ഇന്റർപോൾ ആസ്ഥാനമായ ഫ്രാന്‍സിലെ ലിയോണിൽ കുടുംബസമേതം താമസിക്കുന്ന മങ് ചൈനയിൽ പൊതു സുരക്ഷാ സഹമന്ത്രി കൂടിയാണ്.

പ്രസിഡന്റിന്റെ തിരോധാനം ഫ്രാൻസും ചൈനയും ഗൗരവകരമായാണു കാണുന്നതെന്ന് ഇന്റർപോൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. എന്നാൽ ഏജൻസിയുടെ പ്രവർത്തനങ്ങളെ ഇത് ഒരു രീതിയിലും ബാധിക്കില്ലെന്നും സെക്രട്ടറി ജനറലിനാണു ചുമതലയെന്നും അവർ പറഞ്ഞു. ഫ്രാൻസിന്റെയും ചൈനയുടെയും സർക്കാർ ഇതുവരെയും ഇതിനോടു പ്രതികരിച്ചിട്ടില്ല.

ചൈനയിൽ ഭീകര വിരുദ്ധ ഓഫിസ്, ലഹരി നിയന്ത്രണ കമ്മിഷൻ തുടങ്ങിയവയുടെ ചുമതലകൾ വഹിച്ചിരുന്ന മങ് ഹങ്‌വേ 2016ലാണ് ഇന്റർപോൾ പ്രസിഡന്റായി ചുമതലയേറ്റത്. 2020 വരെയാണ് ഇദ്ദേഹത്തിന്റെ കാലാവധി.