ഓട്ടോമൊബീൽ കമ്പനിയുടെ പേരിൽ തട്ടിപ്പ്; മലയാളികളെ കുടുക്കി ഒാണ്‍ലൈന്‍ മാഫിയ

തട്ടിപ്പിനിരയായ യുവാക്കളും അവര്‍ക്കു ലഭിച്ച സന്ദേശവും

ബെംഗളൂരു∙ ജോലി വാഗ്ദാനം ചെയ്ത് മലയാളികളടക്കം നിരവധിപ്പേരുടെ പണം തട്ടി ഓണ്‍ലൈൻ മാഫിയ. ജോലി ലഭിച്ചെന്നു കരുതി െബംഗളൂരുവിലെത്തിയ അനേകര്‍ തിരിച്ചുപോകാന്‍ പോലും പണില്ലാതെ കുടുങ്ങിയിരിക്കുകയാണ്. മലയാളികളെ കേന്ദ്രീകരിച്ച്, പ്രമുഖ ഒാട്ടോമൊബൈല്‍ കമ്പനിയുടെ പേരിലാണു തട്ടിപ്പു നടക്കുന്നത്.

പ്രമുഖ ഓണ്‍ലൈന്‍ വെബ്സൈറ്റുകളില്‍ പരസ്യം നൽകിയാണു തട്ടിപ്പുകാര്‍ ഉദ്യോഗാര്‍ഥികളെ വലയിലാക്കിയത്. ടെലിഫോണിക് ഇന്റര്‍വ്യൂവിനു ശേഷം ജോലി ലഭിച്ചതായി, കമ്പനിയുടെ എച്ച്ആര്‍ എന്നു സ്വയം പരിചയപ്പെടുത്തിയ വ്യക്തി വിളിച്ചറിയിച്ചു. ജോലിക്കായി നഗരത്തിലെത്തേണ്ട ദിവസവും അറിയിച്ചു. നന്ദിനി ലേ ഒൗട്ടിലെ എസ്എംഎസ് ഇന്‍ഫോ സൊല്യൂഷന്‍സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെത്തിയ ഉദ്യോഗാര്‍ഥികളില്‍നിന്നു സര്‍ട്ടിഫിക്കറ്റുകളുടെയും ആധാര്‍ കാര്‍‍ഡുകളുടെയും പകര്‍പ്പുകള്‍ ഒപ്പിട്ടുവാങ്ങി. പിന്നീടു ബസ് മാര്‍ഗം ഇലക്ട്രോണിക് സിറ്റിയില്‍ എത്താനായി നിര്‍ദേശം.

ഇവിടെ സ്ഥാപനത്തിലെ ചുമതലക്കാരന്‍ എന്നു പരിചയപ്പെടുത്തിയയാള്‍ പല കാരണങ്ങള്‍ പറഞ്ഞ് ഇവരില്‍നിന്നു പണം വാങ്ങി. തുടര്‍ന്നു മറ്റൊരാള്‍ കമ്പനിയിലെത്തിക്കുമെന്നു പറഞ്ഞ് അത്തിബെല്ലയിലേക്കയച്ചു. ഇവിടെ വച്ച് മറ്റൊരാളും ഇവരില്‍നിന്നു പണം വാങ്ങി. എന്നാല്‍ ജോലി ലഭിച്ചു എന്ന ഉത്തരവു നല്‍കിയില്ല. കമ്പനിയില്‍ എത്തിക്കുകയും ചെയ്തില്ല.

കയ്യിലെ പണമെല്ലാം നഷ്ടമായതോടെ ഉദ്യോഗാര്‍ഥികള്‍ നഗരത്തില്‍ കുടുങ്ങി. എന്നാല്‍ സമാനരീതിയില്‍ എത്തിപ്പെട്ടവര്‍ ഒന്നിച്ചു ചേര്‍ന്നപ്പോഴാണു വന്‍തട്ടിപ്പിന്റെ വിവരം പുറത്തായത്. തട്ടിപ്പ് തിരിച്ചറിഞ്ഞവര്‍ പണവും തിരിച്ചറിയല്‍ രേഖകളും തിരികെ ആവശ്യപ്പെട്ട് ഏജന്‍സിയില്‍ എത്തി. എന്നാല്‍ ജോലി വേണ്ടെന്ന് എഴുതി നല്‍കിയാല്‍ രേഖകള്‍ തിരിച്ചുനല്‍കാമെന്നാണു പറയുന്നത്. പണം ചോദിച്ചാല്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.