മണിക്ക് സംഭവിച്ചത് എന്തെന്ന് സിബിഐ പറയണം, അറിയാൻ ആരാധകർക്ക് അവകാശമുണ്ട്: വിനയൻ

കൊച്ചി∙ നടൻ കലാഭവൻ മണിക്കു സംഭവിച്ചത് എന്താണെന്ന് സിബിഐ ആയാലും പൊലീസായാലും തുറന്നു പറയണമെന്നു സംവിധായകൻ വിനയൻ. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് വിനയൻ ആവശ്യം മുന്നോട്ടു വച്ചത്. ചാലക്കുടിക്കാരൻ ചങ്ങാതിയിൽ ചിത്രീകരിച്ച ക്ലൈമാക്സ് തന്റെ യുക്തിക്കനുസരിച്ച് ഒരുക്കിയതാണ്. ഇതു കണ്ട് സിബിഐ തന്നെ വിളിച്ചു ചോദിക്കുകയും ചെയ്തതു വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മണിക്കു യഥാർഥത്തിൽ സംഭവിച്ച കാര്യം അറിയാൻ മണിയുടെ ആരാധകർക്ക് അവകാശമുണ്ട്. സിബിഐ കേസ് അവസാനിപ്പിക്കാത്തതിൽ വിഷമമാണെന്നും വിനയൻ പറഞ്ഞു.

ചാ‌ലക്കുടിക്കാരൻ ചങ്ങാതിക്ക് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ റിലീസ് ചെയ്തപ്പോൾ ലഭിച്ച അതേ രീതിയിലുള്ള പ്രതികരണമാണു ലഭിക്കുന്നത്. ഓരോ ദിവസവും കലക്ഷൻ കൂടി വരുന്നതായാണ് തീയേറ്ററുകളിൽ നിന്നുള്ള പ്രതികരണം. മണിയുടെ സഹോദരനും ബന്ധുക്കളും ഇതുവരെ ചിത്രം കണ്ടിട്ടില്ല. അവർക്ക് അതിന് സാധിക്കില്ലെന്നാണു പറഞ്ഞത്. സിനിമയിൽ പാടുന്നതിനു വേണ്ടി എത്തിയ സഹോദരൻ വിഷമം സഹിക്കാനാവാതെ തലകറങ്ങി വീണ സംഭവമുണ്ടായെന്നും വിനയൻ വെളിപ്പെടുത്തി. ചാലക്കുടിക്കാരൻ ചങ്ങാതി തമിഴ്, കന്നഡ ഭാഷകളിൽ റീമേക്ക് ചെയ്യുമെന്നും വിനയൻ പറഞ്ഞു.

സങ്കടംസഹിക്കാനാവാതെ സലിം കുമാറും

മണിയെ അടുത്തറിയുന്നതുകൊണ്ടു തന്നെ സിനിമയിലെ ഓരോ രംഗങ്ങളും വളരെ വിഷമത്തോടെയാണ് അഭിനയിച്ചു തീർത്തതെന്നു നടൻ സലീം കുമാർ പറഞ്ഞു. ചാലക്കുടിക്കാരൻ ചങ്ങാതിയിൽ മണിയുടെ പിതാവായാണ് സലിം കുമാർ അഭിനയിച്ചിട്ടുള്ളത്. സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നതു വരെ ശാരീരികമായി തളർന്ന അവസ്ഥയിലായിരുന്നു. ഓരോ രംഗം എടുക്കുമ്പോഴും എന്തോ കുഴപ്പമുള്ളതു പോലെ തോന്നും. കോരിച്ചൊരിയുന്ന മഴയിൽ നിന്നു രക്ഷപെടാൻ കുഞ്ഞുങ്ങളുമായി മേശയ്ക്കടിയിൽ കയറിയിരിക്കുന്ന ഒരു രംഗമുണ്ട്. ഇതു ശരിക്കും മണിയുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളതാണെന്ന് അറിയുന്ന ആളാണു ഞാൻ. അതുകൊണ്ടു തന്നെ വല്ലാത്ത വിഷമത്തോടെയാണ് അതൊക്കെ അഭിനയിച്ചത്. ഇതുവരെ ഒരു സിനിമയിലും തനിക്ക് ഇത്തരത്തിൽ ശാരീരികവും മാനസികവുമായ പ്രയാസം ഉണ്ടായിട്ടില്ലെന്നും സലിം കുമാർ പറഞ്ഞു.

സംവിധായകന്റെ ചങ്കൂറ്റമായി രാജാമണി

സിനിമ കണ്ടവർ നായകനെ സാധാരണ ചിരിച്ചുകൊണ്ടാണ് അഭിനന്ദിക്കാറുള്ളത്. എന്നാൽ തനിക്ക് ഈ സിനിമ നൽകുന്ന അനുഭവം മറ്റൊന്നാണെന്നു മണിയുടെ വേഷത്തിലെത്തിയ സെന്തിൽ കൃഷ്ണ പറയുന്നു. എല്ലാവരും കരഞ്ഞും കണ്ണു തുടച്ചുമാണു തന്നെ അഭിനന്ദിക്കുന്നത്. മണിയായി വേഷമിടാൻ ശരിക്കും വിഷമിച്ചു എന്നതാണു ശരി. മണിയുടെ ഓരോ ചലനവും മലയാളിക്കറിയാം. അതുകൊണ്ടു തന്നെ മണിയാകുക ശരിക്കും വെല്ലുവിളിയായിരുന്നു. എന്നാൽ സംവിധായൻ വിനയൻ കാണിച്ച ചങ്കൂറ്റമാണ് ഈ സിനിമയിലെ തന്റെ അഭിനയമെന്നും സെന്തിൽ കൃഷ്ണ പറഞ്ഞു.