കശ്മീർ നഗരസഭാ വോട്ടെടുപ്പ്: ആദ്യഘട്ടം പോളിങ് 8.3%

ജമ്മുവിന് സമീപത്തെ രൺബീർ സിങ് പുരയിലെ സ്കൂളിൽ വോട്ടു ചെയ്യാനെത്തിയ ജനങ്ങൾ

ശ്രീനഗർ∙ ജമ്മു കശ്മീർ താഴ്‍വരയിൽ 13 വർഷത്തിനുശേഷം നടന്ന നഗരസഭാ തിരഞ്ഞെടുപ്പിൽ തണുത്ത പ്രതികരണം. ഭീകരരുടെ ഭീഷണിയും മുഖ്യ പാർട്ടികളായ നാഷനൽ കോൺഫറൻസ്, പിഡിപി എന്നിവയുടെ ബഹിഷ്കരണവും മൂലം ആദ്യഘട്ടത്തിൽ വോട്ടു ചെയ്തത് 8.3% മാത്രം. ഏറ്റവും കൂടുതൽ പോളിങ് കാർഗിലിൽ – 78%. കുറവ് ബന്ദിപ്പോറയിലും: 3.3%. വോട്ടെടുപ്പിൽ കാര്യമായ അനിഷ്ടസംഭവങ്ങളില്ല. നാലു ഘട്ടമായാണ് വോട്ടെടുപ്പ്.

ആകെ 624 വാർഡുകളിൽ 215 വാർഡുകളിൽ ആരും പത്രിക നൽകിയില്ല. 83 വാർഡുകളിലാണ് വോട്ടെടുപ്പ് നടന്നത്. 78 വാർഡുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

സംഘർഷമേഖലയായ ദക്ഷിണ കശ്മീരിലെ കുൽഗാം, പുൽവാമയിലെ ഖ്രൂ നഗരസഭകളിൽ ആരും പത്രിക നൽകിയില്ല. ബദ്ഗാമിലെ ബീർവയിൽ 13 വാർഡുകളിൽ ഒരിടത്തുമാത്രം ഒരാൾ പത്രിക നൽകി.

ലേയിൽ 52% പേർ വോട്ടുചെയ്തു. കുപ്‍വാരയിൽ 36.6% പേർ. ഹാന്ദ്വാരയിൽ 27.8%. ബദ്ഗാം 17%, അനന്ത്നാഗ് 7.3%, ബാരമുല്ല 5.7% എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളിലെ പോളിങ്.

കശ്മീരിൽ ഗവർണർ ഭരണമാണിപ്പോൾ. സംസ്ഥാന പൊലീസിനു പുറമേ 60,000 അർധ സൈനികരെയാണു സംസ്ഥാനത്തു വിന്യസിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യമുണ്ടായാൽ ഇറങ്ങാനായി 15,000 സൈനികരും സജ്ജരായി നിൽക്കുന്നു.