ടെസ്സിനെ ശല്യം ചെയ്തിട്ടില്ല: മീ ടു ആരോപണം തള്ളി നടൻ മുകേഷ്

ടെസ് ജോസഫ്, മുകേഷ്.

തിരുവനന്തപുരം∙ മീ ടു ആരോപണം തള്ളി നടനും എംഎൽഎയുമായ മുകേഷ്. ആരോപണം ഉന്നയിച്ച പെൺകുട്ടിയെ ഫോണിൽ ശല്യം ചെയ്തിട്ടില്ലെന്ന് മുകേഷ് പറഞ്ഞു. ഫോൺ ചെയ്തതു മറ്റാരെങ്കിലുമാകാം. ടെസ് ജോസഫിനെ ഓർമ ഇല്ലെന്നും മുകേഷ് തിരുവനന്തപുരത്തു മാധ്യമങ്ങളോടു പറഞ്ഞു. 

വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ താൽപര്യമില്ലെന്ന് ടെസ് പറഞ്ഞതു മുഖവിലയ്ക്കെടുക്കണം. കോടീശ്വരൻ പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന കമ്പനി ഉടമയും എംപിയുമായ ഡെറക് ഒബ്രയാൻ തന്റെ അടുത്ത സുഹൃത്തും ഗുരുവുമാണ്. അദ്ദേഹം പിന്നീടും സഹകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു സംഭവമുണ്ടായിട്ടുണ്ടെങ്കിൽ ഒബ്രയാൻ പിന്നീട് ഇതിനു ത‍യാറാകുമോ?– മുകേഷ് ചോദിച്ചു.

മീ ടു ക്യാംപെയ്നെ പിന്തുണയ്ക്കുന്നു. ദുരനുഭവങ്ങൾ ഉണ്ടായാൽ പെൺകുട്ടികൾ അപ്പോൾതന്നെ പ്രതികരിക്കണമെന്നും മുകേഷ് അഭിപ്രായപ്പെട്ടു. അതേസമയം മുകേഷിനെതിരായ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. മീ ടു വിവാദത്തിൽ ആരു പരാതി നൽകിയാലും അന്വേഷിക്കും. കുറ്റം ചെയ്തവരെ നിയമത്തിനു മുന്നിൽ‌ കൊണ്ടുവരും. മുകേഷിനെതിരായ പരാതി പഴയ സംഭവമാണെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ മുകേഷിനെതിരായ മീ ടു ആരോപണം ചർച്ച ചെയ്യുമെന്നു സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു.