പരവൂർ കായലിൽ ചാടിയ പ്ലസ് ടു വിദ്യാർഥികളിൽ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു

കൊല്ലം∙ ഇന്നലെ പരവൂർ കായലിൽ ചാടിയ രണ്ടു പ്ലസ് ടു വിദ്യാർഥികളിൽ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു. ചാത്തന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ടി.ലിൻസിയുടെ മൃതദേഹമാണ് ഇന്നു രാവിലെ പത്തരയോടെ കാപ്പിൽ ലേക്ക് പാലസിനു സമീപത്തുനിന്നു പൊലീസും ഫയർഫോഴ്സും മുങ്ങൽവിദഗ്ധരും നടത്തിയ തിരച്ചിലിൽ കണ്ടെടുത്തത്. ലിൻസിക്കൊപ്പം ചാടിയ ആദിച്ചനല്ലൂർ എപി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി വി.വിച്ചുവിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് ആറരയോടെ തന്നെ ലഭിച്ചിരുന്നു.

വെളിച്ചക്കുറവു മൂലം ഇന്നലെ രാത്രി തിരച്ചിൽ നിർത്തിയശേഷം ഇന്നു രാവിലെ പുനരാരംഭിച്ചപ്പോഴാണു ലിൻസിയുടെ മൃതദേഹവും ലഭിച്ചത്. ഇന്നലെ നാലുമണിയോടെയാണ് ഇരുവരും പരവൂർ കലയ്ക്കോടിനു സമീപം കായലിൽ ചാടിയത്. വടക്കേ മൈലക്കാട് ശിവശൈലത്തിൽ വിജയൻ പിള്ളയുടെയും ശോഭയുടെയും മകനാണു വിച്ചു. വടക്കേ മൈലക്കാട് ലിബിൻ നിവാസിൽ തങ്കച്ചന്റെയും ലീനയുടെയും മകളാണു ലി‍ൻസി. വിച്ചുവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന നെടുങ്ങോലം രാമറാവു ഗവ. ആശുപത്രിയിലേക്കു തന്നെ അൽ‍പസമയത്തിനകം ലിൻസിയുടെ മൃതദേഹവും കൊണ്ടുപോകും.