നടിയെ ആക്രമിച്ച കേസ്: സിനിമാ സംഘടനകളുടെ നിലപാടിനെതിരെ അഞ്ജലി മേനോൻ

അ​ഞ്ജലി മേനോൻ.

കോട്ടയം ∙ നടി ആക്രമിക്കപ്പെട്ട കേസിൽ മലയാള സിനിമാ സംഘടനകളുടെ നിലപാടിനെതിരെ സംവിധായിക അഞ്ജലി മേനോൻ.

2017 ൽ പീഡനം നേരിട്ട നടിയെ മലയാളത്തിലെ സംഘടനകൾ തുണച്ചില്ല, ഈ പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ‘മീ ടൂ’ ക്യാംപെയിന് ബോളിവുഡ് നൽകുന്ന പിന്തുണ വലുതാണെന്നും അഭിമാനത്തിനു നേരെയുള്ള അതിക്രമങ്ങൾ സിനിമാ വ്യവസായത്തിൽ അനുവദിക്കില്ലെന്ന നിലപാടാണ് ശക്തമായ നടപടികളിലൂടെ മുംബൈയിലെ സിനിമാ ലോകം കാട്ടിത്തരുന്നതെന്നും അവർ വ്യക്തമാക്കി.

മലയാള ചലച്ചിത്ര രംഗത്ത് പതിനഞ്ചു വർഷത്തോളം പ്രവർത്തിച്ചു വന്ന ഒരു നടിയെ 2017 ൽ ലൈംഗികമായി അപമാനിച്ചു. ഇത് തുറന്നു പറഞ്ഞ അവർ(സംഭവത്തിനു തൊട്ടുപിന്നാലെ) പൊലീസിൽ പരാതിയും നൽകി. കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കാനുളള നടപടിയുമായി ഇവർ മുന്നോട്ടു പോകുകയും ചെയ്യുന്നു. കേരളം ശക്തമായ സിനിമാ സംഘടനകൾ പ്രവർത്തിക്കുന്നയിടമാണ്. രാജ്യാന്തര തലത്തിൽ പോലും അഭിനന്ദനം ഏറ്റുവാങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളും എഴുത്തുകാരും സിനിമാ പ്രവർത്തകരും ഇവിടെയുണ്ടെന്നതു മറക്കുന്നില്ല. എന്നിട്ടും ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികൾ എവിടെ. ഇതും ഒരു നിലപാടാണ്. തികച്ചും അസ്വസ്ഥത ജനിപ്പിക്കുന്നത്. – ‘ടേക്കിങ് എ സ്റ്റാൻഡ്’ എന്ന തലക്കെട്ടോടെ ബ്ലോഗിൽ അഞ്ജലി മേനോൻ കുറിച്ചു.

ബ്ലോഗിലെ കുറിപ്പിൽ നിന്ന്.