5 മിനിറ്റിനുള്ളിൽ നിക്ഷേപകർക്ക് നഷ്ടം 4 ലക്ഷം കോടി; ദലാൽ സ്ട്രീറ്റിനിത് കറുത്ത വ്യാഴം

മുംബൈ∙ വ്യാപാര ആരംഭത്തിൽതന്നെ കനത്ത തകർച്ച നേരിട്ട് ഓഹരിവിപണി. ബോംബെ സ്റ്റോക് എക്സ്ചേഞ്ചായ സെൻസെക്സ് ആയിരം പോയിന്റിലധികം ഇടിഞ്ഞു. നാഷനൽ സ്റ്റോക് എക്സ്ചേഞ്ചായ നിഫ്റ്റി 320 പോയിന്റിലധികവും ഇടിവു രേഖപ്പെടുത്തി. പത്തുമണിയോടെ ചെറിയ തോതിൽ നിലമെച്ചപ്പെടുത്തുകയാണ് വിപണി. സെൻസെക്സ് 854.76 പോയിന്റ് ഇടിഞ്ഞ് 33,901.81 ലും നിഫ്റ്റി 275.55 പോയിന്റ് തകർച്ചയിൽ 10,192.60ത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, വിപണിയിൽ തകർച്ച നേരിട്ടതോടെ അ‍ഞ്ചുമിനിറ്റിനുള്ളിൽ നിക്ഷേപകർക്ക് നഷ്ടമായത് നാലു ലക്ഷം കോടിയാണെന്നാണു വിലയിരുത്തൽ. ആദ്യ വിൽപനയിൽ യുഎസ് മാർക്കറ്റിനുണ്ടായ നഷ്ടമാണ് ഏഷ്യൻ വിപണിയെ പ്രതികൂലമായി ബാധിച്ചത്.

അതിനിടെ, ഡോളറിനെതിരെ രൂപയുടെ മൂല്യം 75നോട് അടുക്കുകയാണ്. 74.50 രൂപയാണ് ഇന്നത്തെ മൂല്യം. ബാങ്കുകളും കയറ്റുമതിക്കാരും ഡോളർ അധികമായി വാങ്ങിക്കുന്നതാണ് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നത്. തുടക്കത്തിൽ 74.31 ആയിരുന്നത് വ്യാപാരം പുരോഗമിച്ചതോടെ ഇത്രയും താഴുകയായിരുന്നു.