എറണാകുളം–ചെന്നൈ യാത്രയ്ക്ക് എസി സ്ലീപ്പർ; കേരളത്തിലേക്ക് പുതിയ ബസുകളുമായി തമിഴ്നാട്

കൊച്ചിയിൽനിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുന്ന പുതിയ ബസ്

കൊച്ചി∙എറണാകുളം– ചെന്നൈ സർവീസിനു പുതിയ എസി സ്ലീപ്പർ ബസുമായി തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ(എസ്ഇടിസി). പഴയ അൾട്രാ ഡീലക്സ് ബസിനു പകരമാണു ഉറങ്ങാൻ സൗകര്യമുളള സ്ലീപ്പർ ബസ് ഏർപ്പെടുത്തിയത്. 30 ബെർത്തുകളാണു ബസിലുളളത്.1505 രൂപയാണു ടിക്കറ്റ് നിരക്ക്. 

ഇരുദിശയിലും വൈകിട്ട് 4.30ന് പുറപ്പെട്ടു രാവിലെ എട്ടിന് എത്തിച്ചേരും. എറണാകുളം പുതുച്ചേരി സർവീസിനും പുതിയ അൾട്രാ ഡീലക്സ് ബസ് അനുവദിച്ചു. സർവീസ് വ്യാഴാഴ്ച ആരംഭിച്ചു. വൈകിട്ട് നാലിന് പുറപ്പെട്ടു രാവിലെ 6.30ന് പുതുച്ചേരിയിലെത്തും. തിരികെ വൈകിട്ട് അഞ്ചിനു പുറപ്പെട്ടു രാവിലെ 7.15ന് എറണാകുളത്ത് എത്തും.

ചെന്നൈ സ്ലീപ്പർ ബസിന്റെ ആദ്യ സർവീസ് എസ്ഇടിസി ഇൻ ചാർജ് വി.ശശികുമാർ ഫ്ളാഗ് ഓഫ് ചെയ്തു. കൊച്ചിൻ തമിഴ് സംഘം ഭാരവാഹികളായ സി.സുകുമാർ, കെ.വി.രമേഷ്, പി.ഗണപതി, ശ്രീനിവാസൻ, കാശിമാരിയപ്പൻ, എസ്.നാഗരാജ് എന്നിവരുടെ നേതൃത്വത്തിൽ ആദ്യ സർവീസിനു സ്വീകരണം നൽകി. ഡ്രൈവർ കം കണ്ടക്ടർ സംവിധാനമായതിനാൽ രണ്ടു ഡ്രൈവർമാരാണു ബസിനുളളത്. ഒരാൾ ബസ് ഓടിക്കുമ്പോൾ രണ്ടാമത്തെ ഡ്രൈവർ ടിക്കറ്റ് നൽകിയ ശേഷം വിശ്രമിക്കും. 

ബസിന്റെ ഉൾവശം.

ദക്ഷിണേന്ത്യയിൽ തമിഴ്നാട് കൂടി സ്ലീപ്പർ ബസ് സർവീസ് തുടങ്ങിയതോടെ സ്ലീപ്പർ ബസില്ലാത്ത ദക്ഷിണേന്ത്യയിലെ ഏക കോർപറേഷൻ കെഎസ്ആർടിസി മാത്രമാകും. അന്തർ സംസ്ഥാന ബസുകളോടു മൽസരിക്കാനാണു എസ്ഇടിസി സ്ലീപ്പർ ബസിലൂടെ ലക്ഷ്യമിടുന്നത്. പുതുച്ചേരിക്കു പുറമേ എറണാകുളം–വേളാങ്കണി സർവീസിനും വൈകാതെ സ്ലീപ്പർ ബസ് ലഭിക്കുമെന്നു ഇൻസ്പെക്ടർ സമുദ്രം അറിയിച്ചു. എറണാകുളം ചെന്നൈയ്ക്കു പുറമേ തിരുവനന്തപുരം–ചെന്നൈ, തിരുവനന്തപുരം–ബെംഗളൂരു സർവീസുകളും സ്ലീപ്പറാക്കി. കേരളത്തിൽ നിന്നുളള മറ്റു സർവീസുകൾക്കു പുതിയ ബസുകൾ ഏർപ്പെടുത്തും. ഓൺലൈൻ ബുക്കിങിന് www.tnstc.in