ഓഹരി വിപണിയിൽ തകർച്ചയോടെ ക്ലോസിങ്; രൂപ നില മെച്ചപ്പെടുത്തി

കൊച്ചി∙ ബിഎസ്ഇ, എൻഎസ്ഇ ഓഹരി വിപണികളിൽ ഇന്നു തകർച്ചയോടെ ക്ലോസിങ്. നിഫ്റ്റി പലപ്രാവശ്യം 10,200നു താഴേക്കു വന്നെങ്കിലും നേരിയ ഉയർച്ച പ്രകടിപ്പിച്ച ശേഷം ക്ലോസിങ് വന്നത് വരും ദിവസങ്ങളിൽ നിക്ഷേപകർക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു അറിയിച്ചു. ബിഎസ്ഇ ഇന്ന് 2.19% (759.74 പോയിന്റ്) ഇടിഞ്ഞ് 34,001ൽ ക്ലോസ് ചെയ്തപ്പോൾ നിഫ്റ്റി 2.16% (225.45 പോയിന്റ്) ഇടിഞ്ഞ് 10,234.65ൽ ക്ലോസ് ചെയ്തു.

നിഫ്റ്റി സപ്പോർട്ടിങ് ലവൽ ആയ 10,200 പോയിന്റിൽ താഴെ പോകാതിരുന്നതു നിക്ഷേപകർക്കു പോസിറ്റീവായ സന്ദേശം നൽകുന്നുണ്ട്. എന്നാൽ നാളെ ഇതിലും താഴെ ക്ലോസ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ നിഫ്റ്റി വരും ദിവസങ്ങളിൽ 10,000 പോയിന്റിലേക്ക് എത്താം എന്നാണു വിലയിരുത്തൽ. യുഎസ്, യൂറോപ്പ് ഓഹരി വിപണികളിൽ ഇന്നു പോസിറ്റീവ് ക്ലോസിങ് ഉണ്ടായാൽ അത് ഇന്ത്യൻ ഇന്ത്യൻ വിപണിയിലും ഉണർവാകുമെന്നു പ്രതീക്ഷിക്കുന്നുണ്ട്. ഇരുവിപണികളും ഇന്നലെ തകർച്ചയോടെ വ്യാപാരം അവസാനിപ്പിച്ചതാണ് ഇന്ത്യൻ‍ വിപണിയിലും പ്രതിഫലിച്ചത്.

ഇന്നു രാവിലെ വ്യാപാരം ആരംഭിക്കുമ്പോൾ തന്നെ സെൻസെക്സ് ആയിരം പോയിന്റിനടുത്ത് ഇടിഞ്ഞതു വിപണിയെ കാര്യമായി ബാധിച്ചു. തുടർന്ന് സെൻസെക്സ് നില മെച്ചപ്പെടുത്തിയെങ്കിലും നെഗറ്റീവ് ക്ലോസിങ്ങായിരുന്നു. ഇന്ന് ബാങ്ക് നിഫ്ടിയിൽ വീക്കിലി ക്ലോസിങ് ആയത് ഷോട് കവറിങ്ങിന് ഇടയാക്കിയിട്ടുണ്ട്. ഇന്നു രാവിലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ‌854.76 പോയിന്റ് ഇടിഞ്ഞ് 33901.81ലാണു വ്യാപാരം ആരംഭിക്കുന്നത്. നിഫ്ടിയാകട്ടെ 275.55 പോയിന്റ് തകർച്ചയിൽ 10192.60ലുമാണ് വ്യാപാരം ആരംഭിച്ചത്. ആദ്യ അഞ്ചു മിനിട്ടിലെ ഇടിവു തന്നെ നിക്ഷേപകർക്ക് നാലുലക്ഷം കോടി നഷടപ്പെടുത്തി എന്നാണു വിലയിരുത്തൽ.

അതിനിടെ, ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു നില മെച്ചപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 74.13ലാണ് വ്യാപാരം. ഇതിനിടെ 74.02 വരെ നില മെച്ചപ്പെടുത്തിയിരുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില താണത് രൂപയുടെ മൂല്യത്തിന് ഗുണകരമായിട്ടുണ്ട്.