പി.കെ. ശശിക്കെതിരായ പരാതി; നടപടിയെക്കുറിച്ച് സിപിഎമ്മില്‍ അനിശ്ചിതത്വം

പി.കെ. ശശി

തിരുവനന്തപുരം∙ പി.കെ. ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിലെ നടപടിയെക്കുറിച്ച് സിപിഎമ്മില്‍ അനിശ്ചിതത്വം. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിച്ചില്ലെന്നാണു സൂചന. നാളെ സംസ്ഥാനസമിതിക്ക് മുൻപ് റിപ്പോര്‍ട്ട് തയാറാകുമോയെന്നതിലും അവ്യക്തത നിലനിൽക്കുന്നു. പരാതിക്കു പിന്നിൽ ഗൂഢാലേ‍ാചനയുണ്ടെന്ന ഷെ‍ാർണൂർ എംഎൽഎ പി.കെ.ശശിയുടെ ആരേ‍ാപണം പ്രത്യേകം പരിശേ‍ാധിക്കാൻ സിപിഎം കമ്മിഷന്റെ നീക്കമുണ്ട്. ഇതേ‍ാടെ, എംഎൽഎയ്ക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പീഡനപരാതി ഒതുക്കാൻ ശ്രമം നടക്കുന്നെന്ന പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആരേ‍ാപണം ബലപ്പെട്ടു. 

പരാതിയിൽ തീരുമാനമെടുക്കാതെ ഗൂഢാലേ‍ാചനയെക്കുറിച്ച് അന്വേഷിക്കുന്നതു സംഭവം അട്ടിമറിക്കാനാണെന്നും ചിലരെ ലക്ഷ്യം വച്ചാണെന്നും ആരോ‍പണമുണ്ട്. ശത്രുക്കളുടെ സഹായത്തേ‍ാടെ പാർട്ടിയിലെ ചിലരാണു പരാതി ഉയർത്തിക്കൊണ്ടുവന്നതെന്നു കമ്മിഷൻ മുൻപാകെ എംഎൽഎ മെ‍ാഴി നൽകിയെന്നാണു വിവരം. നേതൃത്വത്തിന് അദ്ദേഹം രേഖാമൂലം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ആരേ‍ാപണം അന്വേഷിക്കാൻ, 30 നു നടന്ന നേതൃയേ‍ാഗത്തിൽ ധാരണയായത്. 

എംഎൽഎയുടെ പരാതി കൂടി പരിശേ‍ാധിക്കേണ്ടതിനാൽ കമ്മിഷൻ ആവശ്യപ്പെട്ടതനുസരിച്ചാണ് റിപ്പേ‍ാർട്ട് നൽകാൻ സമയം നീട്ടിനൽകിയതെന്നാണു സൂചന. യുവതിയുടെ പരാതിയിൽ കഴിഞ്ഞ മാസം 25 നുള്ളിൽ റിപ്പേ‍ാർട്ട് നൽകാനാണു കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ, പി.കെ.ശ്രീമതി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിഷനേ‍ാട് പാർട്ടി ആവശ്യപ്പെട്ടത്. എന്നാൽ പാർട്ടിക്കുള്ളിലെ ചേരിതിരിവു ശക്തമായതേ‍ാടെ നടപടികൾ വൈകുകയായിരുന്നു.