ജെഡിഎസിൽ പോര് കനക്കുന്നു; മാത്യു ടി തോമസിന്റെ രാജിക്കായി മുറവിളി

മാത്യു ടി. തോമസ്, കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം∙ മാത്യു.ടി.തോമസിനെ മന്ത്രിസ്ഥാനത്തു നിന്നു നീക്കണമെന്ന ആവശ്യവുമായി കെ. കൃഷ്ണന്‍കുട്ടി വിഭാഗം നിലപാടു ശക്തമാക്കുന്നു. ഇന്നലെ ചേര്‍ന്ന ഭാരവാഹിയോഗത്തിന്റെ വികാരം അറിയിക്കുന്നതിനു കെ. കൃഷ്ണന്‍കുട്ടി ഇന്നു ദേശീയ അധ്യക്ഷന്‍ ദേവെഗൗഡയെ കാണും. രണ്ടരവര്‍ഷം കഴിയുമ്പോള്‍ മന്ത്രിസ്ഥാനം ഒഴിയണമെന്ന ധാരണ മാത്യു ടി. തോമസ് പാലിക്കണമെന്നാണ് ആവശ്യം.

ജൂലൈയിൽ ദേശീയ സെക്രട്ടറി ഡാനിഷ് അലിയുടെ സാന്നിധ്യത്തിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തില്‍ മാത്യു ടി.തോമസിനെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. മാത്യു ടി. തോമസ് മന്ത്രിയായിട്ടു പാര്‍ട്ടിക്കു യാതൊരു ഗുണവുമില്ലെന്നായിരുന്നു ആരോപണം. നയപരമായ കാര്യങ്ങള്‍ പോലും പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്യുന്നില്ല. ബോര്‍ഡ് കോര്‍പറേഷന്‍ വീതംവയ്പ്പില്‍ പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും ഇതിന്, മന്ത്രി ഉത്സാഹിച്ചില്ലെന്നുമൊക്കെയാണ് ആരോപണങ്ങള്‍. പൊതുവികാരം പരിഗണിക്കുമെന്നു ഡാനിഷ് അലി യോഗത്തിന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പിന്നീട് തുടര്‍നടപടികളൊന്നും ഉണ്ടായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് ഇന്നലെ ചേര്‍ന്ന ഭാരവാഹി യോഗം ആവശ്യം വീണ്ടും ഉന്നയിച്ചത്. രണ്ടരവര്‍ഷം കഴിയുമ്പോള്‍ മാത്യു ടി. തോമസിനെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റാമെന്നു ധാരണയുണ്ടായിരുന്നുവെന്നാണ് കൃഷ്ണന്‍കുട്ടി അനുകൂലികളുടെ വാദം. എന്നാല്‍ അത്തരമൊരു ധാരണയും ഉണ്ടായിരുന്നില്ലെന്നു മറുപക്ഷവും പറയുന്നു. കെ. കൃഷ്ണന്‍കുട്ടി, ദേവെഗൗഡയെ കാണുന്നതോടെ ജനതാദള്‍ എസിലെ ഉള്‍പ്പോരിനു പുതിയ മാനങ്ങള്‍ കൈവരും. സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കില്‍ മന്ത്രിസ്ഥാനത്തുനിന്നു മാത്യു ടി. തോമസിനു പടിയിറങ്ങേണ്ടി വന്നേക്കാം.