മുംബൈയില്‍ വന്‍ ഓണ്‍ലൈന്‍ കവര്‍ച്ച; ബാങ്കില്‍‌ നിന്ന് 143 കോടി തട്ടി

മുംബൈ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസിൽ 143 കോടിയുടെ ഓൺലൈൻ തട്ടിപ്പ്. മുംബൈ നരിമാൻ പോയന്റിലുള്ള ശാഖയിലാണു തട്ടിപ്പ് നടന്നത്. സെർവർ ഹാക്ക് ചെയ്ത് പലപ്പോഴായി വിദേശത്തുനിന്നു പണം പിൻവലിക്കുകയായിരുന്നു. മുംബൈ പൊലീസിൽ ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക കുറ്റന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ബാങ്ക് ജീവനക്കാർക്കു പങ്കുണ്ടെന്നാണു സംശയം. മൗറീഷ്യസിലെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കാണിത്. ഇവിടുത്തെ 25% ബാങ്കിങ് ഇടപാട് നടക്കുന്നത് ബാങ്ക് ഓഫ് മൊറീഷ്യസിലൂടെയാണ്.

രാജ്യത്ത് കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഓൺലൈൻ സംവിധാനം ഹാക്ക് ചെയ്ത്, പണം കവർന്ന മൂന്നാമത്തെ സംഭവമാണിത്. നേരത്തെ, ചെന്നൈയിലെ സിറ്റി യൂണിയൻ ബാങ്കിൽനിന്ന് 34കോടി രൂപയും പുണെയിലെ കോസ്മോസ് ബാങ്കിൽ നിന്ന് 94 കോടി രൂപയുമാണ് മുൻപ് ഓൺലൈൻ ഹാക്കർമാർ കവർന്നത്. കോസ്മോസ് ബാങ്ക് ഓൺലൈൻ കവർച്ച കേസിൽ ഏഴു പേർ അറസ്റ്റിലായിട്ടുണ്ട്.