16,700 കിലോമീറ്റർ വെറും 6 മണിക്കൂർ...!!! ആ വിമാനം നിലത്തിറങ്ങി...

∙ ഏറ്റവുമധികം ദൂരം നിർത്താതെ പറക്കുന്ന യാത്രാവിമാനം
∙ അർധരാത്രി പുറപ്പെട്ടു; അതിരാവിലെ എത്തി

ലോകത്ത് ഏറ്റവുമധികം ദൂരം നിർത്താതെ സഞ്ചരിക്കുന്ന യാത്രാവിമാനം നിലത്തിറങ്ങി. പുതിയ റെക്കോർഡിടുന്ന ഈ ഭൂഖണ്ഡാന്തര യാത്രയുടെ ടേക്ക്ഓഫ് സിംഗപ്പൂരിൽനിന്ന്; സമാപിച്ചത് യുഎസിൽ ന്യൂയോർക്കിനു സമീപം നെവാർക്കിൽ. ഒറ്റപ്പറക്കലിൽ മൊത്തം 16,700 കിലോമീറ്റർ. യാത്രാസമയം 18 മണിക്കൂർ 25 മിനിറ്റ്. ഇതിനിടയിലെ 12 മണിക്കൂറും ഭൂഖണ്ഡങ്ങൾക്കിടയിലെ സമയത്തിനൊപ്പം സഞ്ചരിക്കും ഈ വിമാനം. സിംഗപ്പൂരിലെ പ്രാദേശിക സമയം വ്യാഴം രാത്രി 11.45നു പറന്നുപൊങ്ങിയ വിമാനം നെവാർക്കിലെ പ്രാദേശികസമയം വെള്ളി രാവിലെ ആറു മണിക്ക് നിലം തൊട്ടു. വാച്ചിൽ വെറും 6 മണിക്കൂർ 15 മിനിറ്റിന്റെ വ്യത്യാസം മാത്രം! (മടക്കയാത്രയിൽ ഈ ലാഭമെല്ലാം നഷ്ടപ്പെടുമെന്നതു വേറെ കാര്യം).

സിംഗപ്പൂർ എയർലൈൻസിന്റെ എസ്‌ക്യു 22 വിമാനമാണ് ലോകറെക്കോർഡ് നേടുന്ന സർവീസുമായി പറന്നുയർന്നത്. എയർബസിന്റെ എ350–900 ഇനം വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. മൊത്തം 161 യാത്രക്കാർക്കു സഞ്ചരിക്കാം. ഇതിൽ 67 പേർ ബിസിനസ് ക്ലാസിലും 94 പേർ പ്രീമിയം ഇക്കോണമി ക്ലാസിലും. ഇന്ത്യൻ സമയം വ്യാഴം രാത്രി 9.15ന് സിംഗപ്പൂരിൽനിന്നു പുറപ്പെട്ട വിമാനം നെവാർക്കിലെത്തുന്നത് ഇന്ത്യൻ സമയം വെള്ളി വൈകിട്ട് 3.30ന്.

സിംഗപ്പൂർ എയർലൈൻസിന്റെ എസ്‌ക്യു 22 വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ സിംഗപ്പൂർ സ്വദേശി വില്യം ചുവയും(വലത്) കുടുംബാംഗങ്ങളും ചെക്ക്ഇന്നിനു ശേഷം സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നു.

ഈ റെക്കോർഡ് പറക്കലിന് വിമാനത്തിൽ രണ്ടു പൈലറ്റുമാർ ഉണ്ട്. എയർഹോസ്റ്റസുമാർ ഉൾപ്പെടെ 13 കാബിൻ ജീവനക്കാരും. 19 മണിക്കൂറിൽ താഴെയാണ് യാത്രാസമയമെങ്കിലും 20 മണിക്കൂറിലേറെ പറക്കാനുള്ള ഇന്ധനം വിമാനത്തിലുണ്ട്.

ഖത്തർ എയർവേയ്സിന്റെ ഓക്‌ലൻഡ് (ന്യൂസീലൻഡ്) – ദോഹ (ഖത്തർ) വിമാന സർവീസിന്റെ റെക്കോർഡ് ആണ് സിംഗപ്പൂർ എയർലൈൻസിന്റെ സിംഗപ്പൂർ – നെവാർക് വിമാനം തകർക്കുന്നത്. ഓക്‌ലൻഡ് – ദോഹ ദൂരം 14,535 കിലോമീറ്ററാണ്; യാത്ര 17 മണിക്കൂർ 40 മിനിറ്റ്.

സിംഗപ്പൂരിൽനിന്നു ന്യൂയോർക്കിലേക്കുള്ള യാത്രക്കാർക്ക് ഇടയ്ക്കൊരിടത്ത് ഇറങ്ങിയുള്ള സമയനഷ്ടം ഒഴിവാക്കുന്നതാണ് ഈ നോൺസ്റ്റോപ് വിമാനം. ഒപ്പം, റെക്കോർഡിടുന്ന നീണ്ട പറക്കലിന്റെ ത്രില്ലും. ഈ ത്രില്ലിനൊപ്പം കുറേ കഷ്ടപ്പാടുമുണ്ട്. പതിനെട്ടര മണിക്കൂർ ഒറ്റയിരിപ്പിലെ യാത്ര എന്നതുതന്നെ പ്രധാനപ്രശ്നം. നടുനിവർത്താൻ ഒന്നെഴുന്നേറ്റു നടക്കാമെന്നു വിചാരിച്ചാൽ, ട്രെയിനിലെപ്പോലെ വിമാനത്തിൽ പറ്റില്ലല്ലോ. കുറച്ചൊക്കെ ആവാമെന്നു മാത്രം.

വയറിനു പ്രശ്നമൊന്നുമില്ലാത്ത ഭക്ഷണം കഴിക്കണം. ഇതിനായി പ്രത്യേക ഓർഗാനിക് മെനു ആണ് വിമാനത്തിലുള്ളത്. ഗ്യാസ്ട്രബിൾ പോലെയുള്ളവ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കും. കിട്ടിയസമയം മുഴുവൻ അടിച്ചടിച്ചു ഫിറ്റാകാൻ തയാറെടുത്തവരെയും നിയന്ത്രിക്കേണ്ടിവരും. ഇത്രയേറെ സമയം ആകാശത്ത് എന്നത് മറ്റു ചില ശാരീരിക, മാനസിക പ്രശ്നങ്ങളുമുണ്ടാക്കാം. വിമാനത്തിനുള്ളിലെ ക്രമീകൃത വായുമർദത്തിൽ ഒരുദിവസത്തിനടുത്ത് കഴിയേണ്ടിവരുന്നത് ചിലർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. പതിനെട്ടര മണിക്കൂർ നേരവും പുറത്ത് രാത്രി തന്നെയാണ് എന്നതും പ്രശ്നം തന്നെ.

നിർത്താതെ 19 മണിക്കൂർ മറ്റൊരു വിമാനവും പറന്നിട്ടില്ലേ?

ഒറ്റപ്പറക്കലിന് 15,000 കിലോമീറ്ററിലേറെ പിന്നിട്ട മറ്റൊരു വിമാനവുമില്ലേ? ഇതല്ല, ഇതിനപ്പുറം പറന്ന വിമാനങ്ങളുണ്ട്. പക്ഷേ, ഒരു നിശ്ചിത റൂട്ടിലെ സ്ഥിരം യാത്രാവിമാനം എന്ന നിലയിലാണ് സിംഗപ്പൂർ എയർലൈൻസ് ഇപ്പോൾ റെക്കോർഡിടുന്നത്. ഒറ്റപ്പറക്കലിന് ഏറെ ദൂരം പിന്നിട്ട വേറെയും വിമാനങ്ങളുണ്ട്. പക്ഷേ, അവയൊക്കെ ഒരുതവണത്തെ മാത്രം പറക്കലായിരുന്നു. ചിലത് റെക്കോർഡിടാൻ വേണ്ടി മാത്രം തന്നെ. ചിലത്, ഒറ്റത്തവണത്തെ ആവശ്യങ്ങൾക്കു വേണ്ടിയും.

ആകാശത്ത് 32 മണിക്കൂർ

1943–45 കാലയളവിൽ ഓസ്ട്രേലിയയുടെ ക്വാന്റാസ് എയർലൈൻസിന് ഓസ്ട്രേലിയയിലെ പെർത്തിൽനിന്ന് ശ്രീലങ്കയിലെ കോഗലയിലേക്ക് വിമാനസർവീസ് ഉണ്ടായിരുന്നു. ദൂരം 5652 കിലോമീറ്റർ മാത്രമെങ്കിലും അന്നത്തെ വേഗം കാരണം ഈ ദൂരം പറക്കാൻ 28 മണിക്കൂർ വേണ്ടിയിരുന്നു. ഇതിൽ ഒരു തവണ യാത്രയ്ക്ക് 32 മണിക്കൂർ 9 മിനിറ്റ് വേണ്ടിവന്നു. ഒരു യാത്രാവിമാനം ആകാശത്ത് ഏറ്റവുമധികം നേരം എന്ന റെക്കോർഡ് ഇന്നും ഈ വിമാനത്തിനാണ്.

1957ൽ ട്രാൻ‌സ് വേൾഡ് എയർലൈൻസിന്റെ ലോക്കീഡ് സ്റ്റാർലൈനർ വിമാനത്തിന്റെ ഉദ്ഘാടനപ്പറക്കൽ 8638 കിലോമീറ്റർ ആയിരുന്നു; സമയം 23 മണിക്കൂർ 19 മിനിറ്റ്. പിന്നെ ദൂരം കൂടുമ്പോൾ സമയം കുറയലിന്റെ കാലമായി. നാലു വർഷത്തിനു ശേഷം 1961ൽ ഒരു ബോയിങ് വിമാനത്തിന് ന്യൂയോർക്ക് മുതൽ ഇസ്രയേലിലെ ടെൽ അവീവ് വരെയുള്ള 9137 കിലോമീറ്റർ പരീക്ഷണപ്പറക്കലിന് വേണ്ടിവന്നത് 9 മണിക്കൂർ 33 മിനിറ്റ്.

10,000 കിലോമീറ്റർ

പതിനായിരം കിലോമീറ്റർ എന്ന നാഴികക്കല്ല് പിന്നിട്ട് 1967ൽ ബോയിങ് വിമാനം പറന്നത് സ്പെയിനിലെ മഡ്രിഡിൽനിന്ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിലേക്ക്. ദൂരം 10,063 കിലോമീറ്റർ; സമയം 12 മണിക്കൂർ.

ക്വാന്റാസിന്റെ ഒരു വിമാനം 1989ൽ ഉദ്ഘാടനയാത്ര നടത്തിയത് ലണ്ടൻ മുതൽ സിഡ്നിവരെ നോൺസ്റ്റോപ് പറക്കലായിരുന്നു. ദൂരം 17,000 കിലോമീറ്റർ; സമയം 20 മണിക്കൂർ. ഈ റെക്കോർഡിനു പക്ഷേ, നാലു വർഷമേ ആയുസ്സുണ്ടായുള്ളൂ. 1993ൽ എയർബസിന്റെ ‘വേൾഡ് റേഞ്ചർ’ വിമാനം പാരിസിൽനിന്ന് ന്യൂസീലൻഡിലെ ഓക്‌ലൻഡ് വരെ ഒറ്റയടിക്കു പറന്നത് 19,277 കിലോമീറ്റർ. സമയം 21 മണിക്കൂർ 32 മിനിറ്റ്.

20,000 കിലോമീറ്റർ

1997ൽ ബോയിങ്ങിന്റെ 777-200 വിമാനം യുഎസിലെ സിയാറ്റിലിൽനിന്ന് മലേഷ്യയിലെ ക്വാലലംപുർ വരെ പറന്നപ്പോൾ പിന്നിട്ടത് ഇരുപതിനായിരത്തിന്റെ മറ്റൊരു നാഴികക്കല്ല്. സിയാറ്റിൽ – ക്വാലലംപുർ നോൺസ്റ്റോപ് യാത്ര 20,044 കിലോമീറ്റർ ആയിരുന്നു.

2005ൽ പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ ബോയിങ് 777–200 വിമാനം ഹോങ്കോങ്ങിൽനിന്ന് ലണ്ടനിലേക്കു പറന്നപ്പോൾ പിന്നിട്ടത് 21,602 കിലോമീറ്റർ. സമയം 22 മണിക്കൂർ 22 മിനിറ്റ്. ഹോങ്കോങ്ങിൽനിന്ന് പൂർവദിക്കിലൂടെയുള്ള യാത്രാപഥമായിരുന്നു ഇത്. സാധാരണ പാതയിൽ ഇതിന്റെ പകുതി പോലും ദൂരം വരില്ല.