ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസിനു തിരിച്ചടി; പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ബിജെപിയില്‍

രാം ദയാല്‍ ഉയിക്ക് അമിത് ഷായ്ക്കൊപ്പം. ചിത്രം: എഎന്‍ഐ

ബിലാസ്പുര്‍ ∙ നിയമസഭാ തിരഞ്ഞെടുപ്പിനു ഒരു മാസം മാത്രം അവശേഷിക്കെ ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസിനു തിരിച്ചടി. പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായ രാം ദയാല്‍ ഉയിക്ക് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ആദിവാസി നേതാവായ രാംദയാല്‍ ബിജെപി പാളയത്തിലെത്തിയത്. ബിലാസ്പുരില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി രമണ്‍ സിങും പങ്കെടുത്തു. ഛത്തിസ്ഗഡില്‍ പ്രചാരണം നടത്തുന്ന ബിഎസ്പി നേതാവ് മായാവതിയുമായി അമിത് ഷാ ഇന്നു കൂടിക്കാഴ്ച നടത്തും. 

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് രാം ദയാലുമായി സംസാരിച്ചതാണെന്നും ഒരു പരാതിയും പറഞ്ഞില്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ഭഗേല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പാര്‍ട്ടി മാറുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

പാലി തനാഘര്‍ മണ്ഡലത്തില്‍നിന്നു നാലു തവണ എംഎല്‍എ ആയിട്ടുള്ള രാം ദയാല്‍ ജനുവരിയിലാണു കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായത്. ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയെ എന്തുവില കൊടുത്തും അധികാരത്തില്‍നിന്നു താഴെയിറക്കുമെന്ന് ഏപ്രിലില്‍ രാംദയാല്‍ പ്രഖ്യാപിച്ചിരുന്നു.