ഫെയ്സ്ബുക് ചോർച്ച തുടരുന്നു; സെപ്റ്റംബറിൽ ചോർന്നത് മൂന്നുകോടി ആളുകളുടെ വിവരം

ന്യുയോര്‍ക്ക്∙ കഴിഞ്ഞ മാസം സംഭവിച്ച ഫെയ്‌സ്ബുക് ഹാക്കിങ്ങില്‍ 2.9 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നു ഫെയ്‌സ്ബുക്. 1.5 കോടിയോളം പേരുടെ ഫോണ്‍ നമ്പരുകളും ഇമെയില്‍ വിവരങ്ങളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ 1.4 കോടിയോളം ഉപയോക്താക്കളെയാണ് ഹാക്കിങ് കാര്യമായി ബാധിച്ചത്. അവരുടെ സെര്‍ച്ച് ഹിസ്റ്ററി, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, ലൈക്ക് ചെയ്ത പേജുകള്‍ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളാണു ചോര്‍ന്നിരിക്കുന്നത്.

എന്നാല്‍ സാധാരണ വിവരങ്ങള്‍ മാത്രമാണു ചോര്‍ന്നതെന്നും വമ്പന്‍ രഹസ്യങ്ങളൊന്നും ചോര്‍ത്താന്‍ കഴിഞ്ഞില്ലെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കുന്നു. പിറന്നാള്‍, വിദ്യാഭ്യാസം, സുഹൃത്തുക്കളുടെ പട്ടിക തുടങ്ങിയവ മാത്രമാണു ചോര്‍ന്നത്. സാമ്പത്തിക വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള രഹസ്യങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും കമ്പനി അവകാശപ്പെടുന്നു. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുമായി സഹകരിക്കുന്നുണ്ടെന്നും ആരാണ് സൈബര്‍ ആക്രമണത്തിനു പിന്നിലെന്നു വെളിപ്പെടുത്തരുതെന്നാണു നിര്‍ദേശമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

ഹാക്കിങിനു വിധേയമായ മൂന്നു കോടിയോളം ഉപയോക്താക്കള്‍ക്കും എന്താണു സംഭവിച്ചതെന്നു കാട്ടി ഫെയ്‌സ്ബുക്ക് സന്ദേശം അയച്ചുകഴിഞ്ഞു. ഏതു രാജ്യത്തുള്ളവരെയാണ് കൂടുതല്‍ ബാധിച്ചതെന്ന വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് പുറത്തുവിട്ടിട്ടില്ല. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടവര്‍ക്കു വ്യാജ ഇമെയിലുകള്‍ അയച്ചു കൂടുതല്‍ തട്ടിപ്പിനു ശ്രമം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സംശയകരമായ ഇ മെയിലുകള്‍, സന്ദേശങ്ങള്‍, ഫോണ്‍ കോളുകള്‍ എന്നിവയോടു ജാഗ്രത പാലിക്കണമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.