‘റെയിൽ പാർട്നർ’ : എല്ലാ വിവരങ്ങളും ഒറ്റ മൊബൈൽ ആപ്ലിക്കേഷനിൽ

ചെന്നൈ∙ റെയിൽവേയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇനി ഒറ്റ മൊബൈൽ ആപ്ലിക്കേഷനിൽ. സബേർബൻ, എക്സ്പ്രസ് സർവീസുകൾ, ടിക്കറ്റ് ബുക്കിങ്, സ്റ്റേഷനുകളിലെ സൗകര്യങ്ങൾ, ഏറ്റവും പുതിയ റെയിൽവേ വിവരങ്ങൾ തുടങ്ങി ഒട്ടേറെ സവിശേഷതകൾ കോർത്തിണക്കി വികസിപ്പിച്ച ‘റെയിൽ പാർട്നർ’ ആപ്ലിക്കേഷൻ ദക്ഷിണ റെയിൽവേ പുറത്തിറക്കി. കൊമേഴ്സ്യൽ വിഭാഗം വികസിപ്പിച്ച ഇതു പൂർണമായും റെയിൽവേയുടെ ഔദ്യോഗിക ആപ് ആണ്. 

സ്വകാര്യ കമ്പനികൾ തയാറാക്കിയ ആപ്പുകൾ മുൻപ് റെയിൽവേ പുറത്തിറക്കിയിരുന്നു. ഇവയുടെ പോരായ്മകളെക്കുറിച്ചു പരാതികൾ ഉയർന്നതോടെയാണ് ഔദ്യോഗിക ആപ് ഒരുക്കാൻ കൊമേഴ്സ്യൽ വിഭാഗം തീരുമാനിച്ചത്. ഒട്ടേറെ ആപ്പുകളിലായി ചിതറിക്കിടന്ന വിവരങ്ങൾ ഏകോപിപ്പിച്ചാണിത് ഒരുക്കിയിട്ടുള്ളത്. യാത്രക്കാരുടെ സുഹൃത്ത് എന്ന അർഥത്തിലാണ് ആപ്ലിക്കേഷന് റെയിൽ പാർട്നർ എന്ന പേരു നൽകിയത്. യാത്രക്കാരിൽനിന്നു നേരിട്ടു വിവരങ്ങൾ ശേഖരിക്കും. പരാതികൾ നൽകാനുള്ള സൗകര്യം മുതൽ പാഴ്സൽ സർവീസ് ബുക്കിങ് വരെ ഇതിലൂടെ ചെയ്യാം.

ആൻഡ്രോയിഡ് മൊബൈലുകളിൽ മാത്രമാണ് നിലവിൽ ആപ് ലഭിക്കുക. പ്ലേ സ്റ്റോറിൽനിന്നു ഡൗൺലോഡ് ചെയ്തശേഷം മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന പ്രത്യേക പാസ്‌വേഡ് ഉപയോഗിച്ച് റജിസ്ട്രേഷൻ പൂർത്തിയാക്കണം. ചെന്നൈ സബേർബൻ വിവരങ്ങൾ, റിസർവ്ഡ് ട്രെയിൻ സമയക്രമം/ അന്വേഷണം, എസ്എംഎസ് സേവനം, റെയിൽവേ ഫോൺ നമ്പറുകൾ, പരാതി കോളം എന്നിങ്ങനെ ആറ് പ്രധാന വിഭാഗങ്ങളാണുള്ളത്.

റെയിൽ പാർട്നറുടെ സവിശേഷതകൾ:

∙ റെയിൽവേയുടെ ഔദ്യോഗിക ആപ് ആയതിനാൽ കൃത്യതയുള്ള വിവരങ്ങൾ

∙ കാഴ്ച വൈകല്യമുള്ളവർക്ക് ടോക്ബാക്ക് സംവിധാനം.

∙ പിഎൻആർ സ്റ്റാറ്റസ്, ട്രെയിൻ ഷെഡ്യൂൾ, പുറപ്പെട്ട ട്രെയിനുകളുടെ തൽസമയ വിവരം, സബേർബൻ സർവീസ്, സ്പെഷൽ ട്രെയിൻ എന്നിവയുടെ വിവരങ്ങൾ.

∙ ആഘോഷങ്ങൾ, ബഹുജന കൂട്ടായ്മകൾ തുടങ്ങിയവ റെയിൽവേയെ മുൻകൂട്ടി അറിയിച്ച് സ്പെഷൽ ട്രെയിനുകൾ ആവശ്യപ്പെടാം (അന്തിമ തീരുമാനം അധികൃതരുടേത്).

∙ കോച്ചുകളോ, ട്രെയിനുകൾ മുഴുവനായോ ബുക്ക് ചെയ്യാം.

∙ ട്രെയിൻ ക്യാപ്റ്റൻ, വൈദ്യസഹായം, ആർപിഎഫ്, ജിആർപി, വനിതാ ഹെൽപ്‌ലൈൻ, ഇ–കേറ്ററിങ്, ചൈൽഡ് ഹെൽപ്‌‌ലൈൻ, വിജിലൻസ് തുടങ്ങി 20ൽ ഏറെ ഹൈൽപ്‌ലൈനുകളിലേക്ക് ആപ്ലിക്കേഷനിൽനിന്നു നേരിട്ടു വിളിക്കാം. യാത്രയിൽ ആവശ്യം വന്നേക്കാവുന്ന എല്ലാ നമ്പറുകളും ലഭ്യം.

∙ ടൈംടേബിൾ മാറ്റം മൊബൈലിൽ തൽസമയം ലഭിക്കും.

∙ പാഴ്സൽ സർവീസുകൾ മുതൽ റീഫണ്ടും, വിദേശികൾക്കുള്ള സേവനങ്ങളും വരെ.

∙ സ്പെഷൽ ട്രെയിനുകളുടെ പ്രത്യേക പട്ടികയും വിവരങ്ങളും.