ഡബ്ല്യുസിസിയുടെ ആരോപണങ്ങളിൽ മൗനം തുടർന്ന് ‘അമ്മ’; അവഗണിക്കാൻ ധാരണ

അമ്മ ജനറൽ ബോഡി യോഗത്തിൽനിന്ന്. ചിത്രം: ഫെയ്സ്ബുക്

കൊച്ചി∙ സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ആരോപണങ്ങളിൽ മൗനം തുടർന്ന് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’. വനിതാകൂട്ടായ്മയെ അവഗണിക്കാനാണ് അമ്മ നിര്‍വാഹകസമിതി അംഗങ്ങള്‍ക്കിടയിലെ അനൗപചാരിക ധാരണ. കേസ് കഴിയുംവരെ ദിലീപിന്റെ കാര്യത്തിലും നടപടികളുണ്ടാവില്ല. ഇതിനിടെ, ഡബ്ള്യുസിസിക്കെതിരെ ഓണ്‍ലൈന്‍ അധിക്ഷേപം തുടരുകയാണ്. സംഘടനയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജില്‍ കടുത്ത അസഭ്യവര്‍ഷമാണു വരുന്നത്. സമൂഹമാധ്യമങ്ങളിലും അവഹേളനമുണ്ടായി.

‘അമ്മ’യ്ക്കെതിരെ രൂക്ഷമായ തുറന്നടിക്കലായിരുന്നു ശനിയാഴ്ച ഡബ്ല്യുസിസി വാർത്താസമ്മേളനത്തിൽ നടത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംരക്ഷിക്കുകയും ഇരയായ അംഗത്തിന്റെ പരാതിക്കു നേരെ കണ്ണടയ്ക്കുകയും ചെയ്യുന്ന അമ്മ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും തെറ്റായ ദിശയിലേക്കാണ് അവർ സംഘടനയെ നയിക്കുന്നതെന്നും കൂട്ടായ്മ വ്യക്തമാക്കി.