‘മീ ടൂ’ ആരോപണം: ഒരു രൂപയുടെ മാനനഷ്ടകേസുമായി അലോക് നാഥ്

വിന്റ നന്ദ, അലോക് നാഥ്

ന്യൂഡൽഹി∙ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച തിരക്കഥാകൃത്തും സംവിധായകയുമായ വിന്റ നന്ദയ്ക്കെതിരെ ബോളിവുഡ് നടൻ അലോക് നാഥ് മാനനഷ്ടക്കേസ് നല്‍കി. വിന്റ മാപ്പ് എഴുതി നൽകണമെന്നും ഒരു രൂപ നഷ്ടപരിഹാരമായി നൽകണമെന്നും അലോക് നാഥ് ആവശ്യപ്പെട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്തു. വിന്റ നന്ദ അലോക് നാഥിനെതിരെ പീഡന ആരോപണം ഉന്നയിച്ചിരുന്നു.

19 വർഷം മുൻപ് അലോക് നാഥ് തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് വിന്റ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ ആരോപിച്ചത്. പാർട്ടിക്ക് ക്ഷണിച്ചശേഷം മയക്കുമരുന്ന് നൽകുകയും തന്റെ വീട്ടിലെത്തി അതിക്രൂരമായി പീഡിപ്പിച്ചു എന്നുമായിരുന്നു വിന്റയുടെ പരാതി. വിന്റ നന്ദയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് അലോകിന്റെ ഭാര്യ ആശു നേരത്തേ കോടതിയെ സമീപിച്ചിരുന്നു. 

വിന്റയുടെ വെളിപ്പെടുത്തലിനു പിന്നാലെ അലോകിനെതിരെ നടി സന്ധ്യ മൃദുലും പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു സ്ത്രീയും ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.